Ecclesiastes (Malayalam)

Ecclesiastes (Malayalam)

1

1:1b.ECC.001.001 യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങള്‍.

1:2b.ECC.001.002 ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

1:3b.ECC.001.003 സൂര്യന്നു കീഴില്‍ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?

1:4b.ECC.001.004 ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;

1:5b.ECC.001.005 ഭൂമിയോ എന്നേക്കും നിലക്കുന്നു; സൂര്യന്‍ ഉദിക്കുന്നു; സൂര്യന്‍ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു.

1:6b.ECC.001.006 കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവര്‍ത്തനം ചെയ്യുന്നു.

1:7b.ECC.001.007 സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികള്‍ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.

1:8b.ECC.001.008 സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യന്‍ പറഞ്ഞാല്‍ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല.

1:9b.ECC.001.009 ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴില്‍ പുതുതായി യാതൊന്നും ഇല്ല.

1:10b.ECC.001.010 ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.

1:11b.ECC.001.011 പുരാതന ജനത്തെക്കുറിച്ചു ഔര്‍മ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതില്‍ വരുവാനുള്ളവര്‍ക്കും ഔര്‍മ്മയുണ്ടാകയില്ല.

1:12b.ECC.001.012 സഭാപ്രസംഗിയായ ഞാന്‍ യെരൂശലേമില്‍ യിസ്രായേലിന്നു രാജാവായിരുന്നു.

1:13b.ECC.001.013 ആകാശത്തിന്‍ കീഴില്‍ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാന്‍ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യര്‍ക്കും കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.

1:14b.ECC.001.014 സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാന്‍ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.

1:15b.ECC.001.015 വളവുള്ളതു നേരെ ആക്കുവാന്‍ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ.

1:16b.ECC.001.016 ഞാന്‍ മനസ്സില്‍ ആലോചിച്ചു പറഞ്ഞതുയെരൂശലേമില്‍ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.

1:17b.ECC.001.017 ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാന്‍ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.

1:18b.ECC.001.018 ജ്ഞാനബാഹുല്യത്തില്‍ വ്യസനബാഹുല്യം ഉണ്ടു; അറിവു വര്‍ദ്ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ദ്ധിപ്പിക്കുന്നു.

2

2:1b.ECC.002.001 ഞാന്‍ എന്നോടു തന്നേ പറഞ്ഞുവരിക; ഞാന്‍ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്‍ക.

2:2b.ECC.002.002 എന്നാല്‍ അതും മായ തന്നേ. ഞാന്‍ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.

2:3b.ECC.002.003 മനുഷ്യര്‍ക്കും ആകാശത്തിന്‍ കീഴെ ജീവപര്യന്തം ചെയ്‍വാന്‍ നല്ലതു ഏതെന്നു ഞാന്‍ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാന്‍ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊള്‍വാനും എന്റെ മനസ്സില്‍ നിരൂപിച്ചു.

2:4b.ECC.002.004 ഞാന്‍ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.

2:5b.ECC.002.005 ഞാന്‍ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയില്‍ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.

2:6b.ECC.002.006 വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാന്‍ കുളങ്ങളും കുഴിപ്പിച്ചു.

2:7b.ECC.002.007 ഞാന്‍ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടില്‍ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമില്‍ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.

2:8b.ECC.002.008 ഞാന്‍ വെള്ളിയും പൊന്നും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.

2:9b.ECC.002.009 ഇങ്ങനെ ഞാന്‍ , എനിക്കുമുമ്പു യെരൂശലേമില്‍ ഉണ്ടായിരുന്നു എല്ലാവരിലും മഹാനായിത്തീര്‍ന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നില്‍ ഉറെച്ചുനിന്നു.

2:10b.ECC.002.010 എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാന്‍ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.

2:11b.ECC.002.011 ഞാന്‍ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാന്‍ ചെയ്‍വാന്‍ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴില്‍ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.

2:12b.ECC.002.012 ഞാന്‍ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാന്‍ തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യന്‍ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.

2:13b.ECC.002.013 വെളിച്ചം ഇരുളിനെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്വത്തെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാന്‍ കണ്ടു.

2:14b.ECC.002.014 ജ്ഞാനിക്കു തലയില്‍ കണ്ണുണ്ടു; ഭോഷന്‍ ഇരുട്ടില്‍ നടക്കുന്നു; എന്നാല്‍ അവര്‍ക്കും എല്ലാവര്‍ക്കും ഗതി ഒന്നു തന്നേ എന്നു ഞാന്‍ ഗ്രഹിച്ചു.

2:15b.ECC.002.015 ആകയാല്‍ ഞാന്‍ എന്നോടുഭോഷന്നും എനിക്കും ഗതി ഒന്നു തന്നേ; പിന്നെ ഞാന്‍ എന്തിന്നു അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു.

2:16b.ECC.002.016 ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഔര്‍മ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷന്‍ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;

2:17b.ECC.002.017 അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാന്‍ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.

2:18b.ECC.002.018 സൂര്യന്നു കീഴെ ഞാന്‍ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാന്‍ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാന്‍ അതു വെച്ചേക്കേണ്ടിവരുമല്ലോ.

2:19b.ECC.002.019 അവന്‍ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആര്‍ക്കറിയാം? എന്തായാലും ഞാന്‍ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവന്‍ അധികാരം പ്രാപിക്കും. അതും മായ അത്രേ.

2:20b.ECC.002.020 ആകയാല്‍ സൂര്യന്നു കീഴെ പ്രയത്നിച്ച സര്‍വ്വപ്രയത്നത്തെക്കുറിച്ചും ഞാന്‍ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാന്‍ തുടങ്ങി.

2:21b.ECC.002.021 ഒരുത്തന്‍ ജ്ഞാനത്തോടും അറിവോടും സാമര്‍ത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതില്‍ പ്രയത്നിക്കാത്ത ഒരുത്തന്നു അവന്‍ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.

2:22b.ECC.002.022 സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?

2:23b.ECC.002.023 അവന്റെ നാളുകള്‍ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ.

2:24b.ECC.002.024 തിന്നു കുടിച്ചു തന്റെ പ്രയത്നത്താല്‍ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യില്‍നിന്നുള്ളതു എന്നു ഞാന്‍ കണ്ടു.

2:25b.ECC.002.025 അവന്‍ നല്കീട്ടല്ലാതെ ആര്‍ ഭക്ഷിക്കും ആര്‍ അനുഭവിക്കും?

2:26b.ECC.002.026 തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവന്‍ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാന്‍ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.

3

3:1b.ECC.003.001 എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിന്‍ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.

3:2b.ECC.003.002 ജനിപ്പാന്‍ ഒരു കാലം, മരിപ്പാന്‍ ഒരു കാലം; നടുവാന്‍ ഒരു കാലം, നട്ടതു പറിപ്പാന്‍ ഒരു കാലം; കൊല്ലുവാന്‍ ഒരു കാലം, സൌഖ്യമാക്കുവാന്‍ ഒരു കാലം;

3:3b.ECC.003.003 ഇടിച്ചുകളവാന്‍ ഒരു കാലം, പണിവാന്‍ ഒരുകാലം,

3:4b.ECC.003.004 കരവാന്‍ ഒരു കാലം ചിരിപ്പാന്‍ ഒരുകാലം; വിലപിപ്പാന്‍ ഒരു കാലം, നൃത്തം ചെയ്‍വാന്‍ ഒരു കാലം;

3:5b.ECC.003.005 കല്ലു പെറുക്കിക്കളവാന്‍ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാന്‍ ഒരു കാലം; ആലിംഗനം ചെയ്‍വാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാന്‍ ഒരു കാലം;

3:6b.ECC.003.006 സമ്പാദിപ്പാന്‍ ഒരു കാലം, നഷ്ടമാവാന്‍ ഒരു കാലം; സൂക്ഷിച്ചുവെപ്പാന്‍ ഒരു കാലം, എറിഞ്ഞുകളവാന്‍ ഒരു കാലം;

3:7b.ECC.003.007 കീറുവാന്‍ ഒരു കാലം, തുന്നുവാന്‍ ഒരു കാലം; മിണ്ടാതിരിപ്പാന്‍ ഒരു കാലം, സംസാരിപ്പാന്‍ ഒരു കാലം;

3:8b.ECC.003.008 സ്നേഹിപ്പാന്‍ ഒരു കാലം, ദ്വേഷിപ്പാന്‍ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.

3:9b.ECC.003.009 പ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം?

3:10b.ECC.003.010 ദൈവം മനുഷ്യര്‍ക്കും കഷ്ടപ്പെടുവാന്‍ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാന്‍ കണ്ടിട്ടുണ്ടു.

3:11b.ECC.003.011 അവന്‍ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന്‍ അവര്‍ക്കും കഴിവില്ല.

3:12b.ECC.003.012 ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യര്‍ക്കും ഇല്ല എന്നു ഞാന്‍ അറിയുന്നു.

3:13b.ECC.003.013 ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.

3:14b.ECC.003.014 ദൈവം പ്രവര്‍ത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാന്‍ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതില്‍നിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യര്‍ തന്നെ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.

3:15b.ECC.003.015 ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.

3:16b.ECC.003.016 പിന്നെയും ഞാന്‍ സൂര്യന്നു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.

3:17b.ECC.003.017 ഞാന്‍ എന്റെ മനസ്സില്‍ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.

3:18b.ECC.003.018 പിന്നെയും ഞാന്‍ മനസ്സില്‍ വിചാരിച്ചതുഇതു മനുഷ്യര്‍നിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിന്നും തങ്ങള്‍ മൃഗങ്ങള്‍ മാത്രം എന്നു അവര്‍ കാണേണ്ടതിന്നും തന്നേ.

3:19b.ECC.003.019 മനുഷ്യര്‍ക്കും ഭവിക്കുന്നതു മൃഗങ്ങള്‍ക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാള്‍ വിശേഷതയില്ല; സകലവും മായയല്ലോ.

3:20b.ECC.003.020 എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയില്‍ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.

3:21b.ECC.003.021 മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആര്‍ക്കറിയാം?

3:22b.ECC.003.022 അതുകൊണ്ടു മനുഷ്യന്‍ തന്റെ പ്രവൃത്തികളില്‍ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നുഞാന്‍ കണ്ടു; അതു തന്നേ അവന്റെ ഔഹരി; തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു കാണ്മാന്‍ ആര്‍ അവനെ മടക്കിവരുത്തും?

4

4:1b.ECC.004.001 പിന്നെയും ഞാന്‍ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാര്‍ കണ്ണുനീരൊഴുക്കുന്നു; അവര്‍ക്കും ആശ്വാസപ്രദന്‍ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാല്‍ അവര്‍ ബലാല്‍ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദന്‍ അവര്‍ക്കില്ല.

4:2b.ECC.004.002 ആകയാല്‍ ഇപ്പോള്‍ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാള്‍ മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാന്‍ പ്രശംസിച്ചു.

4:3b.ECC.004.003 ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യന്‍ ഭാഗ്യവാന്‍ .

4:4b.ECC.004.004 സകലപ്രയത്നവും സാമര്‍ത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയില്‍നിന്നുളവാകുന്നു എന്നു ഞാന്‍ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.

4:5b.ECC.004.005 മൂഢന്‍ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.

4:6b.ECC.004.006 രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാള്‍ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.

4:7b.ECC.004.007 ഞാന്‍ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.

4:8b.ECC.004.008 ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാല്‍ താന്‍ ആര്‍ക്കുംവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.

4:9b.ECC.004.009 ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലതു; അവര്‍ക്കും തങ്ങളുടെ പ്രയത്നത്താല്‍ നല്ല പ്രതിഫലം കിട്ടുന്നു.

4:10b.ECC.004.010 വീണാല്‍ ഒരുവന്‍ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാന്‍ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!

4:11b.ECC.004.011 രണ്ടുപേര്‍ ഒന്നിച്ചു കിടന്നാല്‍ അവര്‍ക്കും കുളിര്‍ മാറും; ഒരുത്തന്‍ തന്നേ ആയാലോ എങ്ങനെ കുളിര്‍ മാറും?

4:12b.ECC.004.012 ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്കും അവനോടു എതിര്‍ത്തുനില്‍ക്കാം; മുപ്പിരിച്ചരടു വേഗത്തില്‍ അറ്റുപോകയില്ല.

4:13b.ECC.004.013 പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാള്‍ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന്‍ കൊള്ളാം.

4:14b.ECC.004.014 അവന്‍ മറ്റേവന്റെ രാജ്യത്തില്‍ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തില്‍ നിന്നു വരുന്നു.

4:15b.ECC.004.015 മറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവര്‍ ഒക്കെയും ചേര്‍ന്നിരിക്കുന്നതു ഞാന്‍ കണ്ടു.

4:16b.ECC.004.016 അവന്‍ അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവര്‍ അവനില്‍ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.

5

5:1b.ECC.005.001 ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു.

5:2b.ECC.005.002 അതിവേഗത്തില്‍ ഒന്നും പറയരുതു; ദൈവസന്നിധിയില്‍ ഒരു വാക്കു ഉച്ചരിപ്പാന്‍ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാല്‍ നിന്റെ വാക്കു ചുരുക്കുമായിരിക്കട്ടെ.

5:3b.ECC.005.003 കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്റെ ജല്പനവും ജനിക്കുന്നു.

5:4b.ECC.005.004 ദൈവത്തിന്നു നേര്‍ച്ച നേര്‍ന്നാല്‍ കഴിപ്പാന്‍ താമസിക്കരുതു; മൂഢന്മാരില്‍ അവന്നു പ്രസാദമില്ല; നീ നേര്‍ന്നതു കഴിക്ക.

5:5b.ECC.005.005 നേര്‍ന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാള്‍ നേരാതെയിരിക്കുന്നതു നല്ലതു.

5:6b.ECC.005.006 നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാല്‍ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയില്‍ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?

5:7b.ECC.005.007 സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യര്‍ത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.

5:8b.ECC.005.008 ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാല്‍ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവര്‍ക്കുംമീതെ അത്യുന്നതനും ജാഗരിക്കുന്നു.

5:9b.ECC.005.009 കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവു ദേശത്തിന്നു എല്ലാറ്റിലും ഉപകാരമായിരിക്കും.

5:10b.ECC.005.010 ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.

5:11b.ECC.005.011 വസ്തുവക പെരുകുമ്പോള്‍ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണു കൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?

5:12b.ECC.005.012 വേലചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല.

5:13b.ECC.005.013 സൂര്യന്നുകീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടുഉടമസ്ഥന്‍ തനിക്കു അനര്‍ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.

5:14b.ECC.005.014 ആ സമ്പത്തു നിര്‍ഭാഗ്യവശാല്‍ നശിച്ചു പോകുന്നു; അവന്നു ഒരു മകന്‍ ജനിച്ചാല്‍ അവന്റെ കയ്യില്‍ ഒന്നും ഉണ്ടാകയില്ല.

5:15b.ECC.005.015 അവന്‍ അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെട്ടുവന്നതു പോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവന്‍ കയ്യില്‍ ഒരു വസ്തുവും കൊണ്ടുപോകയില്ല.

5:16b.ECC.005.016 അതും ഒരു വല്ലാത്ത തിന്മ തന്നേ; അവന്‍ വന്നതുപോലെ തന്നേ പോകുന്നു; അവന്റെ വൃാഥപ്രയത്നത്താല്‍ അവന്നു എന്തു പ്രയോജനം?

5:17b.ECC.005.017 അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.

5:18b.ECC.005.018 ഞാന്‍ ശുഭവും ഭംഗിയുമായി കണ്ടതുദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവന്‍ തിന്നുകുടിച്ചു സൂര്യന്നു കീഴെ താന്‍ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഔഹരി.

5:19b.ECC.005.019 ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഔഹരി ലഭിച്ചു തന്റെ പ്രയത്നത്തില്‍ സന്തോഷിപ്പാന്‍ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ.

5:20b.ECC.005.020 ദൈവം അവന്നു ഹൃദയസന്തോഷം അരുളുന്നതുകൊണ്ടു അവന്‍ തന്റെ ആയുഷ്കാലം ഏറെ ഔര്‍ക്കുംകയില്ല.

6

6:1b.ECC.006.001 സൂര്യന്നു കീഴെ ഞാന്‍ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ടു; അതു മനുഷ്യര്‍ക്കും ഭാരമുള്ളതാകുന്നു.

6:2b.ECC.006.002 ദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വര്യവും മാനവും നലകുന്നു; അവന്‍ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാന്‍ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ.

6:3b.ECC.006.003 ഒരു മനുഷ്യന്‍ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീര്‍ഘായുസ്സായിരിക്കയും ചെയ്തിട്ടും അവന്‍ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്ക്കാരം പ്രാപിക്കാതെയും പോയാല്‍ ഗര്‍ഭം അലസിപ്പോയ പിണ്ഡം അവനെക്കാള്‍ നന്നു എന്നു ഞാന്‍ പറയുന്നു.

6:4b.ECC.006.004 അതു മായയില്‍ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേര്‍ അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നു.

6:5b.ECC.006.005 സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാള്‍ അധികം വിശ്രാമം അതിന്നുണ്ടു.

6:6b.ECC.006.006 അവന്‍ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കില്‍ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നതു?

6:7b.ECC.006.007 മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു മതിവരുന്നില്ല.

6:8b.ECC.006.008 മൂഢനെക്കാള്‍ ജ്ഞാനിക്കു എന്തു വിശേഷതയുള്ളു? പരിജ്ഞാനമുള്ള സാധുവിന്നു ജീവനുള്ളവരുടെ മുമ്പില്‍ നടക്കുന്നതില്‍ എന്തു വിശേഷതയുള്ളു?

6:9b.ECC.006.009 അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാള്‍ കണ്ണിന്റെ നോട്ടം നല്ലതു; അതും മായയും വൃഥാപ്രയത്നവും അത്രേ.

6:10b.ECC.006.010 ഒരുത്തന്‍ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേര്‍ വിളിച്ചിരിക്കുന്നു; മനുഷ്യന്‍ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാന്‍ അവന്നു കഴിവില്ല.

6:11b.ECC.006.011 മായയെ വര്‍ദ്ധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന്നു എന്തു ലാഭം?

6:12b.ECC.006.012 മനുഷ്യന്റെ ജീവിതകാലത്തു, അവന്‍ നിഴല്‍ പോലെ കഴിച്ചുകൂട്ടുന്ന വ്യര്‍ത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന്നു എന്താകുന്നു നല്ലതു എന്നു ആര്‍ക്കറിയാം? അവന്റെ ശേഷം സൂര്യന്നു കീഴെ എന്തു സംഭവിക്കും എന്നു മനുഷ്യനോടു ആര്‍ അറിയിക്കും?

7

7:1b.ECC.007.001 നല്ല പേര്‍ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.

7:2b.ECC.007.002 വിരുന്നുവീട്ടില്‍ പോകുന്നതിനെക്കാള്‍ വിലാപഭവനത്തില്‍ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവന്‍ അതു ഹൃദയത്തില്‍ കരുതിക്കൊള്ളും.

7:3b.ECC.007.003 ചിരിയെക്കാള്‍ വ്യസനം നല്ലതു മുഖം വാടിയിരിക്കുമ്പോള്‍ ഹൃദയം സുഖമായിരിക്കും.

7:4b.ECC.007.004 ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.

7:5b.ECC.007.005 മൂഢന്റെ ഗീതം കേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതു മനുഷ്യന്നു നല്ലതു.

7:6b.ECC.007.006 മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായ അത്രേ.

7:7b.ECC.007.007 കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.

7:8b.ECC.007.008 ഒരു കാര്യത്തിന്റെ ആരംഭത്തെക്കാള്‍ അതിന്റെ അവസാനം നല്ലതു; ഗര്‍വ്വമാനസനെക്കാള്‍ ക്ഷമാമാനസന്‍ ശ്രേഷ്ഠന്‍ .

7:9b.ECC.007.009 നിന്റെ മനസ്സില്‍ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാര്‍വ്വില്‍ അല്ലോ നീരസം വസിക്കുന്നതു.

7:10b.ECC.007.010 പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാള്‍ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.

7:11b.ECC.007.011 ജ്ഞാനം ഒരു അവകാശംപോലെ നല്ലതു; സകലഭൂവാസികള്‍ക്കും അതു ബഹുവിശേഷം.

7:12b.ECC.007.012 ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.

7:13b.ECC.007.013 ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവന്‍ വളെച്ചതിനെ നേരെയാക്കുവാന്‍ ആര്‍ക്കും കഴിയും?

7:14b.ECC.007.014 സുഖകാലത്തു സുഖമായിരിക്ക; അനര്‍ത്ഥകാലത്തോ ചിന്തിച്ചുകൊള്‍ക; മനുഷ്യന്‍ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന്നു ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.

7:15b.ECC.007.015 ഞാന്‍ എന്റെ മായാകാലത്തു ഇതൊക്കെയും കണ്ടുതന്റെ നീതിയില്‍ നശിച്ചുപോകുന്ന നീതിമാന്‍ ഉണ്ടു; തന്റെ ദുഷ്ടതയില്‍ ദിര്‍ഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ടു.

7:16b.ECC.007.016 അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?

7:17b.ECC.007.017 അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു?

7:18b.ECC.007.018 നീ ഇതു പിടിച്ചുകൊണ്ടാല്‍ കൊള്ളാം; അതിങ്കല്‍നിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തന്‍ ഇവ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുപോരും.

7:19b.ECC.007.019 ഒരു പട്ടണത്തില്‍ പത്തു ബലശാലികള്‍ ഉള്ളതിനെക്കാള്‍ ജ്ഞാനം ജ്ഞാനിക്കു അധികം ബലം.

7:20b.ECC.007.020 പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില്‍ ഇല്ല.

7:21b.ECC.007.021 പറഞ്ഞുകേള്‍ക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസന്‍ നിന്നെ ശപിക്കുന്നതു നീ കേള്‍ക്കാതിരിക്കേണ്ടതിന്നു തന്നേ.

7:22b.ECC.007.022 നീയും പല പ്രാവശ്യ്‍വം മറ്റുള്ളവരെ ശപിച്ചപ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.

7:23b.ECC.007.023 ഇതൊക്കെയും ഞാന്‍ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാന്‍ ജ്ഞാനം സമ്പാദിക്കുമെന്നു ഞാന്‍ പറഞ്ഞു; എന്നാല്‍ അതു എനിക്കു ദൂരമായിരുന്നു.

7:24b.ECC.007.024 ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാന്‍ ആര്‍ക്കും കഴിയും?

7:25b.ECC.007.025 ഞാന്‍ തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു.

7:26b.ECC.007.026 മരണത്തെക്കാള്‍ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടുഹൃദയത്തില്‍ കണികളും വലകളും കയ്യില്‍ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവന്‍ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാല്‍ പിടിപെടും.

7:27b.ECC.007.027 കാര്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേര്‍ത്തു പരിശോധിച്ചുനോക്കീട്ടു ഞാന്‍ ഇതാകുന്നു കണ്ടതു എന്നു സഭാ പ്രസംഗി പറയുന്നു

7:29b.ECC.007.029 ഒരു കാര്യം മാത്രം ഞാന്‍ കണ്ടിരിക്കുന്നുദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.

8

8:1b.ECC.008.001 ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുള്‍ അറിയുന്നവര്‍ ആര്‍? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.

8:2b.ECC.008.002 ദൈവസന്നിധിയില്‍ ചെയ്ത സത്യം ഔര്‍ത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു.

8:3b.ECC.008.003 നീ അവന്റെ സന്നിധി വിട്ടുപോകുവാന്‍ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവന്‍ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.

8:4b.ECC.008.004 രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആര്‍ ചോദിക്കും?

8:5b.ECC.008.005 കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.

8:6b.ECC.008.006 സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു.

8:7b.ECC.008.007 സംഭവിപ്പാനിരിക്കുന്നതു അവന്‍ അറിയുന്നില്ലല്ലോ; അതു എങ്ങനെ സംഭവിക്കും എന്നു അവനോടു ആര്‍ അറിയിക്കും?

8:8b.ECC.008.008 ആത്മാവിനെ തടുപ്പാന്‍ ആത്മാവിന്മേല്‍ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേല്‍ അധികാരമുള്ളവനുമില്ല; യുദ്ധത്തില്‍ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.

8:9b.ECC.008.009 ഇതൊക്കെയും ഞാന്‍ കണ്ടു; മനുഷ്യന്നു മനുഷ്യന്റെ മേല്‍ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാന്‍ ദൃഷ്ടിവെച്ചു ദുഷ്ടന്മാര്‍ അടക്കം ചെയ്യപ്പെട്ടു വിശ്രാമം പ്രാപിക്കുന്നതും

8:10b.ECC.008.010 നേര്‍ പ്രവര്‍ത്തിച്ചവര്‍ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തില്‍ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാന്‍ കണ്ടു; അതും മായ അത്രേ.

8:11b.ECC.008.011 ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തല്‍ക്ഷണം നടക്കായ്കകൊണ്ടു മനുഷ്യര്‍ ദോഷം ചെയ്‍വാന്‍ ധൈര്യപ്പെടുന്നു.

8:12b.ECC.008.012 പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കും നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.

8:13b.ECC.008.013 എന്നാല്‍ ദുഷ്ടന്നു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടായ്കയാല്‍ നിഴല്‍പോലെ അവന്റെ ആയുസ്സു ദീര്‍ഘമാകയില്ല.

8:14b.ECC.008.014 ഭൂമിയില്‍ നടക്കുന്ന ഒരുമായ ഉണ്ടുനീതിമാന്മാര്‍ക്കും ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാര്‍ക്കും നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ അത്രേ എന്നു ഞാന്‍ പറഞ്ഞു.

8:15b.ECC.008.015 ആകയാല്‍ ഞാന്‍ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴില്‍ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴില്‍ അവന്നു നലകുന്ന ആയുഷ്കാലത്തു അവന്റെ പ്രയത്നത്തില്‍ അവനോടുകൂടെ നിലനിലക്കുന്നതു ഇതുമാത്രമേയുള്ളു.

8:16b.ECC.008.016 ഭൂമിയില്‍ നടക്കുന്ന കാര്യം കാണ്മാനും -- മനുഷ്യന്നു രാവും പകലും കണ്ണില്‍ ഉറക്കം വരുന്നില്ലല്ലോ -- ജ്ഞാനം ഗ്രഹിപ്പാനും ഞാന്‍ മനസ്സുവെച്ചപ്പോള്‍

8:17b.ECC.008.017 സൂര്യന്റെ കീഴില്‍ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാന്‍ മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാന്‍ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യന്‍ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാന്‍ നിരൂപിച്ചാല്‍ അവന്നു സാധിക്കയില്ല.

9

9:1b.ECC.009.001 ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യില്‍ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധനചെയ്‍വാന്‍ ഞാന്‍ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യന്‍ അറിയുന്നില്ല; സര്‍വ്വവും അവരുടെ മുമ്പില്‍ ഇരിക്കുന്നു താനും.

9:2b.ECC.009.002 എല്ലാവര്‍ക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിര്‍മ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.

9:3b.ECC.009.003 എല്ലാവര്‍ക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴില്‍ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തില്‍ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവര്‍ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.

9:4b.ECC.009.004 ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാള്‍ ജീവനുള്ള നായ് നല്ലതല്ലോ.

9:5b.ECC.009.005 ജീവിച്ചിരിക്കുന്നവര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാല്‍ അവര്‍ക്കും ഒരു പ്രതിഫലവും ഇല്ല; അവരെ ഔര്‍മ്മ വിട്ടുപോകുന്നുവല്ലോ.

9:6b.ECC.009.006 അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവര്‍ക്കും ഇനി ഒരിക്കലും ഔഹരിയില്ല.

9:7b.ECC.009.007 നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക ദൈവം നിന്റെ പ്രവൃത്തികളില്‍ പ്രസാദിച്ചിരിക്കുന്നുവല്ലോ.

9:8b.ECC.009.008 നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയില്‍ എണ്ണ കുറയാതിരിക്കട്ടെ.

9:9b.ECC.009.009 സൂര്യന്നു കീഴെ അവന്‍ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊള്‍ക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴില്‍ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഔഹരി.

9:10b.ECC.009.010 ചെയ്‍വാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്‍ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

9:11b.ECC.009.011 പിന്നെയും ഞാന്‍ സൂര്യന്നു കീഴെ കണ്ടതുവേഗതയുള്ളവര്‍ ഔട്ടത്തിലും വീരന്മാര്‍ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്‍ക്കു ആഹാരവും വിവേകികള്‍ക്കു സമ്പത്തും സാമര്‍ത്ഥ്യമുള്ളവര്‍ക്കും പ്രീതിയും ലഭിക്കുന്നില്ല; അവര്‍ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.

9:12b.ECC.009.012 മനുഷ്യന്‍ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയില്‍ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയില്‍ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യര്‍, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയില്‍ കുടുങ്ങിപ്പോകുന്നു.

9:13b.ECC.009.013 ഞാന്‍ സൂര്യന്നു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അതു എനിക്കു വലുതായി തോന്നി;

9:14b.ECC.009.014 ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതില്‍ മനുഷ്യര്‍ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങള്‍ പണിതു.

9:15b.ECC.009.015 എന്നാല്‍ അവിടെ സാധുവായോരു ജ്ഞാനി പാര്‍ത്തിരുന്നു; അവന്‍ തന്റെ ജ്ഞാനത്താല്‍ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഔര്‍ത്തില്ല.

9:16b.ECC.009.016 ജ്ഞാനം ബലത്തെക്കാള്‍ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാന്‍ പറഞ്ഞു.

9:17b.ECC.009.017 മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാള്‍ സാവധാനത്തില്‍ പറയുന്ന ജ്ഞാനികളുടെ വചനങ്ങള്‍ നല്ലതു.

9:18b.ECC.009.018 യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാല്‍ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

10

10:1b.ECC.010.001 ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാള്‍ ഘനമേറുന്നു.

10:2b.ECC.010.002 ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തുഭാഗത്തും ഇരിക്കുന്നു.

10:3b.ECC.010.003 ഭോഷന്‍ നടക്കുന്ന വഴിയില്‍ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താന്‍ ഭോഷന്‍ എന്നു എല്ലാവര്‍ക്കും വെളിവാക്കും.

10:4b.ECC.010.004 അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കില്‍ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.

10:5b.ECC.010.005 അധിപതിയുടെ പക്കല്‍നിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാന്‍ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;

10:6b.ECC.010.006 മൂഢന്മാര്‍ ശ്രേഷ്ഠപദവിയില്‍ എത്തുകയും ധനവാന്മാര്‍ താണനിലയില്‍ ഇരിക്കയും ചെയ്യുന്നതു തന്നേ.

10:7b.ECC.010.007 ദാസന്മാര്‍ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാര്‍ ദാസന്മാരെപ്പോലെ കാല്‍നടയായി നടക്കുന്നതും ഞാന്‍ കണ്ടു.

10:8b.ECC.010.008 കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും.

10:9b.ECC.010.009 കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാല്‍ ആപത്തും വരും.

10:10b.ECC.010.010 ഇരിമ്പായുധം മൂര്‍ച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാല്‍ അവന്‍ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.

10:11b.ECC.010.011 മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സര്‍പ്പം കടിച്ചാല്‍ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.

10:12b.ECC.010.012 ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.

10:13b.ECC.010.013 അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.

10:14b.ECC.010.014 ഭോഷന്‍ വാക്കുകളെ വര്‍ദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യന്‍ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആര്‍ അവനെ അറിയിക്കും?

10:15b.ECC.010.015 പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാര്‍ തങ്ങളുടെ പ്രയത്നത്താല്‍ ക്ഷീണിച്ചുപോകുന്നു.

10:16b.ECC.010.016 ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!

10:17b.ECC.010.017 കുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!

10:18b.ECC.010.018 മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.

10:19b.ECC.010.019 സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.

11

11:1b.ECC.011.001 നിന്റെ അപ്പത്തെ വെള്ളത്തിന്മേല്‍ എറിക; ഏറിയനാള്‍ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;

11:2b.ECC.011.002 ഒരു ഔഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്‍ക; ഭൂമിയില്‍ എന്തു അനര്‍ത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.

11:3b.ECC.011.003 മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാല്‍ ഭൂമിയില്‍ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാല്‍ വീണെടത്തു തന്നേ കിടക്കും.

11:4b.ECC.011.004 കാറ്റിനെ വിചാരിക്കുന്നവന്‍ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവന്‍ കൊയ്കയുമില്ല.

11:5b.ECC.011.005 കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗര്‍ഭിണിയുടെ ഉദരത്തില്‍ അസ്ഥികള്‍ ഉരുവായ്‍വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല. രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

11:6b.ECC.011.006 വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു.

11:7b.ECC.011.007 മനുഷ്യന്‍ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കില്‍ അവന്‍ അതില്‍ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീര്‍ഘമായിരിക്കും എന്നും അവന്‍ ഔര്‍ത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായ അത്രേ.

11:8b.ECC.011.008 യൌവനക്കാരാ, നിന്റെ യൌവനത്തില്‍ സന്തോഷിക്ക; യൌവനകാലത്തില്‍ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊള്‍ക; എന്നാല്‍ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.

11:9b.ECC.011.009 ആകയാല്‍ നിന്റെ ഹൃദയത്തില്‍നിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തില്‍നിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ.

12

12:1b.ECC.012.001 നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഔര്‍ത്തുകൊള്‍ക; ദുര്‍ദ്ദിവസങ്ങള്‍ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും

12:2b.ECC.012.002 സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങള്‍ മടങ്ങി വരികയും ചെയ്യുംമുമ്പെ തന്നേ.

12:3b.ECC.012.003 അന്നു വീട്ടുകാവല്‍ക്കാര്‍ വിറെക്കും; ബലവാന്മാര്‍ കുനിയും; അരെക്കുന്നവര്‍ ചുരുക്കമാകയാല്‍ അടങ്ങിയിരിക്കും; കിളിവാതിലുകളില്‍കൂടി നോക്കുന്നവര്‍ അന്ധന്മാരാകും;

12:4b.ECC.012.004 തെരുവിലെ കതകുകള്‍ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കല്‍ ഉണര്‍ന്നുപോകും; പാട്ടുകാരത്തികള്‍ ഒക്കെയും തളരുകയും ചെയ്യും;

12:5b.ECC.012.005 അന്നു അവര്‍ കയറ്റത്തെ പേടിക്കും; വഴിയില്‍ ഭീതികള്‍ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളന്‍ ഇഴഞ്ഞുനടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യന്‍ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവര്‍ വീഥിയില്‍ ചുറ്റി സഞ്ചരിക്കും.

12:6b.ECC.012.006 അന്നു വെള്ളിച്ചരടു അറ്റുപോകും; പൊന്‍ കിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.

12:7b.ECC.012.007 പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.

12:8b.ECC.012.008 ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.

12:9b.ECC.012.009 സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.

12:10b.ECC.012.010 ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാന്‍ സഭാപ്രസംഗി ഉത്സാഹിച്ചു.

12:11b.ECC.012.011 ജ്ഞാനികളുടെ വചനങ്ങള്‍ മുടിങ്കോല്‍പോലെയും, സഭാധിപന്മാരുടെ വാക്കുകള്‍ തറെച്ചിരിക്കുന്ന ആണികള്‍പോലെയും ആകുന്നു; അവ ഒരു ഇടയനാല്‍ തന്നേ നല്കപ്പെട്ടിരിക്കുന്നു.

12:12b.ECC.012.012 എന്നാല്‍ എന്റെ മകനേ, പ്രബോധനം കൈക്കൊള്‍ക; പുസ്തകം ഔരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.

12:13b.ECC.012.013 എല്ലാറ്റിന്റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അതു ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നതു.

12:14b.ECC.012.014 ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Ecclesiastes (Malayalam). Ecclesiastes (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A646-E