1

നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്‍ക്കോശ്യനായ നഹൂമിന്റെ ദര്‍ശനപുസ്തകം.
ദൈവം തീക്ഷണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂര്‍ണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കള്‍ക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.
യഹോവ ദീര്‍ഘക്ഷമയും മഹാശക്തിയുമുള്ളവന്‍ ; അവന്‍ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാല്‍ക്കീഴിലെ പൊടിയാകുന്നു.
അവന്‍ സമുദ്രത്തെ ഭര്‍ത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കര്‍മ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.
അവന്റെ മുമ്പില്‍ പര്‍വ്വതങ്ങള്‍ കുലുങ്ങുന്നു; കുന്നുകള്‍ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയില്‍ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.
അവന്റെ ക്രോധത്തിന്‍ മുമ്പില്‍ ആര്‍ നിലക്കും? അവന്റെ ഉഗ്രകോപത്തിങ്കല്‍ ആര്‍ നിവിര്‍ന്നുനിലക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകള്‍ അവനാല്‍ പിളര്‍ന്നുപോകുന്നു.
യഹോവ നല്ലവനും കഷ്ടദിവസത്തില്‍ ശരണവും ആകുന്നു; തങ്കല്‍ ആശ്രയിക്കുന്നവരെ അവന്‍ അറിയുന്നു.
എന്നാല്‍ കവിഞ്ഞൊഴുകുന്നോരു പ്രവാഹം കൊണ്ടു അവന്‍ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവന്‍ അന്ധകാരത്തില്‍ പിന്തുടരുന്നു.
നിങ്ങള്‍ യഹോവേക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവന്‍ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.
അവര്‍ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തില്‍ മദ്യപിച്ചിരുന്നാലും അവര്‍ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.
യഹോവേക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവന്‍ നിന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ പൂര്‍ണ്ണ ശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവര്‍ അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവന്‍ കഴിഞ്ഞുപോകയും ചെയ്യും. ഞാന്‍ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.
ഇപ്പോഴോ ഞാന്‍ അവന്റെ നുകം നിന്റെമേല്‍നിന്നു ഒടിച്ചുകളയും നിന്റെ ബന്ധനങ്ങള്‍ അറുത്തുകളകയും ചെയ്യും.
എന്നാല്‍ യഹോവ നിന്നെക്കുറിച്ചുനിന്റെ പേരുള്ള സന്തതി ഇനി ഒട്ടു ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാര്‍ത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ നിന്നു ഞാന്‍ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാല്‍ ഞാന്‍ നിന്റെ ശവകൂഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.
ഇതാ, പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന്‍ ഇനി നിന്നില്‍കൂടി കടക്കയില്ല; അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

2

സംഹാരകന്‍ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊള്‍ക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക.
യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാര്‍ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.
അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികള്‍ ധൂമ്രവസ്ത്രം ധരിച്ചു നിലക്കുന്നു; അവന്റെ സന്നാഹദിവസത്തില്‍ രഥങ്ങള്‍ ഉരുക്കലകുകളാല്‍ ജ്വലിക്കുന്നു; കുന്തങ്ങള്‍ ഔങ്ങിയിരിക്കുന്നു.
രഥങ്ങള്‍ തെരുക്കളില്‍ ചടുചട ചാടുന്നു; വീഥികളില്‍ അങ്ങും ഇങ്ങും ഔടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നല്‍പോലെ ഔടുന്നു.
അവന്‍ തന്റെ കുലീനന്മാരെ ഔര്‍ക്കുംന്നു; അവര്‍ നടക്കയില്‍ ഇടറിപ്പോകുന്നു; അവര്‍ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആള്‍മറ കെട്ടിയിരിക്കുന്നു.
നദികളുടെ ചീപ്പുകള്‍ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞു പോകുന്നു.
അതു നിര്‍ണ്ണയിച്ചിരിക്കുന്നു; അവള്‍ അനാവൃതയായി, അവള്‍ പോകേണ്ടിവരും; അവളുടെ ദാസിമാര്‍ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു.
നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാല്‍ അവര്‍ ഔടിപ്പോകുന്നുനില്പിന്‍ , നില്പിന്‍ ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.
വെള്ളി കൊള്ളയിടുവിന്‍ ; പൊന്നു കൊള്ളയിടുവിന്‍ ; വീട്ടുസാമാനത്തിന്നു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ടു.
അവള്‍ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാല്‍ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചല്‍പുറവും എവിടെ?
സിംഹം തന്റെ കുട്ടികള്‍ക്കു മതിയാകുവോളം കടിച്ചുകീറി വെക്കുകയും സിംഹികള്‍ക്കു വേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഗഹ്വരങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറെക്കയും ചെയ്തു.
ഞാന്‍ നിന്റെ നേരെ വരും; ഞാന്‍ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങള്‍ വാളിന്നു ഇരയായ്തീരും; ഞാന്‍ നിന്റെ ഇരയെ ഭൂമിയില്‍ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്‍ക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

3

രക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവര്‍ച്ച വിട്ടുപോകുന്നതുമില്ല.
ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങള്‍ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകള്‍; ഔടുന്ന രഥങ്ങള്‍!
കുതിരകയറുന്ന കുതിരച്ചേവകര്‍; ജ്വലിക്കുന്ന വാള്‍; മിന്നുന്ന കുന്തം; അനേകനിഹതന്മാര്‍; അനവധി ശവങ്ങള്‍; പിണങ്ങള്‍ക്കു കണക്കില്ല; അവര്‍ പിണങ്ങള്‍ തടഞ്ഞു വീഴുന്നു.
പരസംഗംകൊണ്ടു ജാതികളെയും ക്ഷുദ്രപ്രയോഗംകൊണ്ടു വംശങ്ങളെയും വിലക്കുന്നവളായി ക്ഷുദ്രനൈപുണ്യവും സൌന്ദര്യവുമുള്ള വേശ്യയുടെ പരസംഗബഹുത്വംനിമിത്തം തന്നേ ഇങ്ങനെ ഭവിച്ചതു.
ഞാന്‍ നിന്റെ നേരെ വരും, ഞാന്‍ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
ഞാന്‍ അമേദ്ധ്യം നിന്റെ മേല്‍ എറിഞ്ഞു നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും.
അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഔടിനീനെവേ ശൂന്യമായിക്കിടക്കുന്നു; ആര്‍ അവളോടു സഹതാപം കാണിക്കും; ഞാന്‍ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.
നദികളുടെ ഇടയില്‍ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാള്‍ നീ ഉത്തമ ആകുന്നുവോ? കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
എന്നിട്ടും അവള്‍ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവര്‍ സകലവീഥികളുടെയും തലെക്കല്‍വെച്ചു തകര്‍ത്തുകളഞ്ഞു; അവളുടെ മാന്യന്മാര്‍ക്കും അവര്‍ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
നിന്റെ കോട്ടകള്‍ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങള്‍ പോലെയാകും; കുലുക്കിയാല്‍ അവ തിന്നുന്നവന്റെ വായില്‍തന്നേ വീഴും.
നിന്റെ ജനം നിന്റെ നടുവില്‍ പെണ്ണുങ്ങള്‍ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകള്‍ നിന്റെ ശത്രുക്കള്‍ക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഔടാമ്പലുകള്‍ തീക്കു ഇരയായ്തീര്‍ന്നിരിക്കുന്നു.
നിരോധത്തിന്നു വേണ്ടി വെള്ളം കോരിക്കൊള്‍ക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയില്‍ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക!
അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാള്‍ നിന്നെ ഛേദിച്ചു വിട്ടില്‍ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടില്‍ എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക.
നിന്റെ വര്‍ത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ വര്‍ദ്ധിപ്പിച്ചുവല്ലൊ; വിട്ടില്‍ പടം കഴിച്ചു പറന്നുപോകുന്നു.
നിന്റെ പ്രഭുക്കന്മാര്‍ വെട്ടുക്കിളികള്‍പോലെയും നിന്റെ സേനാധിപതിമാര്‍ ശിതമുള്ള ദിവസത്തില്‍ മതിലുകളിന്മേല്‍ പറ്റുന്ന വിട്ടില്‍കൂട്ടംപോലെയും ആകുന്നു; സൂര്യന്‍ ഉദിക്കുമ്പോള്‍ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
അശ്ശൂര്‍രാജാവേ, നിന്റെ ഇടയന്മാര്‍ ഉറങ്ങുന്നു; നിന്റെ കുലീനന്മാര്‍ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പര്‍വ്വതങ്ങളില്‍ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരുമില്ല.
നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വര്‍ത്തമാനം കേള്‍ക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?

Lizenz
CC-0
Link zur Lizenz

Zitationsvorschlag für diese Edition
TextGrid Repository (2025). Christos Christodoulopoulos. Nahum (Malayalam). Multilingual Parallel Bible Corpus. https://hdl.handle.net/21.11113/0000-0016-A698-1