1
അഹശ്വേരോശിന്റെ കാലത്തു--ഹിന്തുദേശംമുതല്‍ കൂശ്വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങള്‍ വാണ അഹശ്വേരോശ് ഇവന്‍ തന്നേ -
ആ കാലത്തു അഹശ്വേരോശ് രാജാവു ശൂശന്‍ രാജധാനിയില്‍ തന്റെ രാജാസനത്തിന്മേല്‍ ഇരിക്കുമ്പോള്‍
തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ തന്റെ സകലപ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും ഒരു വിരുന്നു കഴിച്ചു; പാര്‍സ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയില്‍ ഉണ്ടായിരുന്നു.
അന്നു അവന്‍ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാള്‍, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു.
ആ നാളുകള്‍ കഴിഞ്ഞശേഷം രാജാവു ശൂശന്‍ രാജധാനിയില്‍ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തില്‍വെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു.
അവിടെ വെണ്‍കല്‍ തൂണുകളിന്മേല്‍ വെള്ളിവളയങ്ങളില്‍ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാല്‍ വെള്ളയും പച്ചയും നീലയുമായ ശീലകള്‍ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മര്‍മ്മരക്കല്ലു പടുത്തിരുന്ന തളത്തില്‍ പൊന്‍ കസവും വെള്ളിക്കസവുമുള്ള മെത്തകള്‍ ഉണ്ടായിരുന്നു.
വിവിധാകൃതിയിലുള്ള പൊന്‍ പാത്രങ്ങളിലായിരുന്നു അവര്‍ക്കും കുടിപ്പാന്‍ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.
എന്നാല്‍ രാജാവു തന്റെ രാജധാനിവിചാരകന്മാരോടുആരെയും നിര്‍ബ്ബന്ധിക്കരുതു; ഔരോരുത്തന്‍ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാല്‍ പാനം ചട്ടംപോലെ ആയിരുന്നു.
രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്രാജാവിന്റെ രാജധാനിയില്‍വെച്ചു സ്ത്രീകള്‍ക്കു ഒരു വിരുന്നു കഴിച്ചു.
ഏഴു ഷണ്ഡന്മാരോടു ജനങ്ങള്‍ക്കും പ്രഭുക്കന്മാര്‍ക്കും വസ്ഥിരാജ്ഞിയുടെ സൌന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരുവാന്‍ കല്പിച്ചു; അവള്‍ സുമുഖിയായിരുന്നു.
എന്നാല്‍ ഷണ്ഡന്മാര്‍മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളില്‍ ജ്വലിച്ചു.
ആ സമയത്തു രാജമുഖം കാണുന്നവരും രാജ്യത്തു പ്രധാനസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമായ കെര്‍ശനാ, ശേഥാര്‍, അദ്മാഥാ, തര്‍ശീശ്, മേരെസ്, മര്‍സെനാ, മെമൂഖാന്‍ എന്നിങ്ങനെ പാര്‍സ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാര്‍ അവനോടു അടുത്തു ഇരിക്കയായിരുന്നു.
രാജ്യധര്‍മ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാല്‍ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവു
ഷണ്ഡന്മാര്‍മുഖാന്തരം അഹശ്വേരോശ്രാജാവു അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധര്‍മ്മപ്രകാരം അവളോടു ചെയ്യേണ്ടതു എന്തു എന്നു ചോദിച്ചു.
അതിന്നു മെമൂഖാന്‍ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാല്‍വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, അഹശ്വേരോശ്രാജാവിന്റെ സര്‍വ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.
രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാന്‍ കല്പിച്ചയച്ചാറെ അവള്‍ ചെന്നില്ലല്ലോ എന്നു പറഞ്ഞു അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ നിന്ദിക്കും.
ഇന്നു തന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാര്‍സ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാര്‍ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും.
രാജാവിന്നു സമ്മതമെങ്കില്‍ വസ്ഥി ഇനി അഹശ്വേരോശ്രാജാവിന്റെ സന്നിധിയില്‍ വരരുതു എന്നു തിരുമുമ്പില്‍നിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും അതു മാറ്റിക്കൂടാതവണ്ണം പാര്‍സ്യരുടെയും മേദ്യരുടെയും രാജ്യധര്‍മ്മത്തില്‍ എഴുതിക്കയും രാജാവു അവളുടെ രാജ്ഞിസ്ഥാനം അവളെക്കാള്‍ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.
രാജാവു കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും--അതു മഹാരാജ്യമല്ലോ--പരസ്യമാകുമ്പോള്‍ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ബഹുമാനിക്കും.
ഈ വാക്കു രാജാവിന്നും പ്രഭുക്കന്മാര്‍ക്കും ബോധിച്ചു; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
ഏതു പുരുഷനും തന്റെ വീട്ടില്‍ കര്‍ത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.
2
അതിന്റെശേഷം അഹശ്വേരോശ്രാജാവിന്റെ ക്രോധം ശമിച്ചപ്പോള്‍ അവന്‍ വസ്ഥിയെയും അവള്‍ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഔര്‍ത്തു.
അപ്പോള്‍ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാര്‍ പറഞ്ഞതുരാജാവിന്നു വേണ്ടി സൌന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ;
രാജാവു രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവര്‍ സൌന്ദര്യമുള്ള യുവതികളായ സകലകന്യകമാരെയും ശേഖരിച്ചു ശൂശന്‍ രാജധാനിയിലെ അന്ത:പുരത്തില്‍ രാജാവിന്റെ ഷണ്ഡനായി അന്ത:പുരപാലകനായ ഹേഗായിയുടെ വിചാരണയില്‍ ഏല്പിക്കയും അവര്‍ക്കും ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കള്‍ കൊടുക്കയും ചെയ്യട്ടെ.
രാജാവിന്നു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിന്നു ബോധിച്ചു; അവന്‍ അങ്ങനെ തന്നേ ചെയ്തു.
എന്നാല്‍ ശൂശന്‍ രാജധാനിയില്‍ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകന്‍ മൊര്‍ദ്ദെഖായി എന്നു പേരുള്ള യെഹൂദന്‍ ഉണ്ടായിരുന്നു.
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തില്‍ അവനെയും യെരൂശലേമില്‍നിന്നു കൊണ്ടുപോയിരുന്നു.
അവന്‍ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേര്‍ എന്ന ഹദസ്സെക്കു അമ്മയപ്പന്മാര്‍ ഇല്ലായ്കകൊണ്ടു അവളെ വളര്‍ത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊര്‍ദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു.
രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോള്‍ അനേകം യുവതികളെ ശേഖരിച്ചു ശൂശന്‍ രാജധാനിയില്‍ ഹേഗായിയുടെ വിചാരണയില്‍ ഏല്പിച്ച കൂട്ടത്തില്‍ എസ്ഥേരിനെയും രാജധാനിയിലെ അന്ത:പുരപാലകനായ ഹേഗായിയുടെ വിചാരണയില്‍ കൊണ്ടുവന്നു.
ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവന്‍ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയില്‍നിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവള്‍ക്കു വേഗത്തില്‍ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്ത:പുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി.
എസ്ഥേര്‍ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊര്‍ദ്ദേഖായി അവളോടു കല്പിച്ചിരുന്നു.
എന്നാല്‍ എസ്ഥേരിന്റെ സുഖവര്‍ത്തമാനവും അവള്‍ക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയണ്ടേതിന്നു മൊര്‍ദ്ദേഖായി ദിവസംപ്രതി അന്ത:പുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
ഔരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം--ആറു മാസം മൂര്‍തൈലവും ആറുമാസം സുഗന്ധവര്‍ഗ്ഗവും സ്ത്രീകള്‍ക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും--ഔരോരുത്തിക്കു അഹശ്വേരോശ് രാജാവിന്റെ സന്നിധിയില്‍ ചെല്ലുവാന്‍ മുറ വരുമ്പോള്‍
ഔരോ യുവതി രാജസന്നിധിയില്‍ചെല്ലും; അന്ത:പുരത്തില്‍ നിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവള്‍ ചോദിക്കുന്ന സകലവും അവള്‍ക്കു കൊടുക്കും.
സന്ധ്യാസമയത്തു അവള്‍ ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്ത:പുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേര്‍ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവള്‍ക്കു രാജസന്നിധിയില്‍ ചെന്നുകൂടാ.
എന്നാല്‍ മൊര്‍ദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പന്‍ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയില്‍ ചെല്ലുവാന്‍ മുറ വന്നപ്പോള്‍ അവള്‍ രാജാവിന്റെ ഷണ്ഡനും അന്ത:പുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാല്‍ എസ്ഥേരിനെ കണ്ട എല്ലാവര്‍ക്കും അവളോടു പ്രീതി തോന്നും.
അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു തേബേത്ത് മാസമായ പത്താം മാസത്തില്‍ രാജധാനിയില്‍ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുചെന്നു.
രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവന്‍ രാജകിരീടം അവളുടെ തലയില്‍ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.
രാജാവു തന്റെ സകലപ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും എസ്ഥേരിന്റെ വിരുന്നായിട്ടു ഒരു വലിയ വിരുന്നു കഴിച്ചു; അവന്‍ സംസ്ഥാനങ്ങള്‍ക്കു ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു.
രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോള്‍ മൊര്‍ദ്ദെഖായി രാജാവിന്റെ വാതില്‍ക്കല്‍ ഇരുന്നിരുന്നു.
മൊര്‍ദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേര്‍ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ വളര്‍ന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചു പോന്നു.
ആ കാലത്തു മൊര്‍ദ്ദെഖായി രാജാവിന്റെ വാതില്‍ക്കല്‍ ഇരിക്കുമ്പോള്‍ വാതില്‍കാവല്‍ക്കാരില്‍ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ചു അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്‍വാന്‍ തരം അന്വേഷിച്ചു.
മൊര്‍ദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേര്‍രാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേര്‍ അതു മൊര്‍ദ്ദെഖായിയുടെ നാമത്തില്‍ രാജാവിനെ ഗ്രഹിപ്പിച്ചു.
അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ടു അവരെ രണ്ടുപോരെയും കഴുവിന്മേല്‍ തൂക്കിക്കളഞ്ഞു; ഇതു രാജാവിന്റെ മുമ്പില്‍ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിവെച്ചു.
3
അനന്തരം അഹശ്വേരോശ്രാജാവു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്നു കയറ്റവും ഉന്നതപദവിയും കൊടുത്തു അവന്റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങള്‍ക്കു മേലായി വെച്ചു.
രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാര്‍ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊര്‍ദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്ക്കുരിച്ചതുമില്ല.
അപ്പോള്‍ രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാര്‍ മൊര്‍ദ്ദെഖായിയോടുനീ രാജകല്പന ലംഘിക്കുന്നതു എന്തു എന്നു ചോദിച്ചു.
അവര്‍ ഇങ്ങനെ ദിവസംപ്രതി അവനോടു പറഞ്ഞിട്ടും അവന്‍ അവരുടെ വാക്കു കേള്‍ക്കാതിരുന്നതിനാല്‍ മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം നിലനിലക്കുമോ എന്നു കാണേണ്ടതിന്നു അവര്‍ അതു ഹാമാനോടു അറിയിച്ചു; താന്‍ യെഹൂദന്‍ എന്നു അവന്‍ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു.
മൊര്‍ദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ടു ഹാമാന്‍ കോപംകൊണ്ടു നിറഞ്ഞു.
എന്നാല്‍ മൊര്‍ദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നതു അവന്നു പുച്ഛകാര്യമായി തോന്നി; മൊര്‍ദ്ദെഖായിയുടെ ജാതി ഇന്നതെന്നു അവന്നു അറിവു കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ടു അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊര്‍ദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന്നു ഹാമാന്‍ തരം അന്വേഷിച്ചു.
അഹശ്വേരോശ്രാജാവിന്റെ പന്ത്രണ്ടാം ആണ്ടില്‍ നീസാന്‍ മാസമായ ഒന്നാം മാസത്തില്‍ അവര്‍ ആദാര്‍ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഔരോ ദിവസത്തെയും ഔരോ മാസത്തെയും കുറിച്ചു ഹാമാന്റെ മുമ്പില്‍വെച്ചു പൂര് എന്ന ചീട്ടിട്ടു നോക്കി.
പിന്നെ ഹാമാന്‍ അഹശ്വേരോശ്രാജാവിനോടുനിന്റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയില്‍ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങള്‍ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവര്‍ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ടു അവരെ അങ്ങനെ വിടുന്നതു രാജാവിന്നു യോഗ്യമല്ല.
രാജാവിന്നു സമ്മതമുണ്ടെങ്കില്‍ അവരെ നശിപ്പിക്കേണ്ടതിന്നു സന്ദേശം എഴുതി അയക്കേണം; എന്നാല്‍ ഞാന്‍ കാര്യവിചാരകന്മാരുടെ കയ്യില്‍ പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്കു കൊടുത്തയക്കാം എന്നു പറഞ്ഞു.
അപ്പോള്‍ രാജാവു തന്റെ മോതിരം കയ്യില്‍നിന്നു ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്നു കൊടുത്തു.
രാജാവു ഹാമാനോടുഞാന്‍ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊള്‍ക എന്നു പറഞ്ഞു.
അങ്ങനെ ഒന്നാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ രായസക്കാരെ വിളിച്ചു; ഹാമാന്‍ കല്പിച്ചതുപോലെ ഒക്കെയും അവര്‍ രാജപ്രതിനിധികള്‍ക്കും ഔരോ സംസ്ഥാനത്തിലെ ദേശാധിപധികള്‍ക്കും അതതു ജനത്തിന്റെ പ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന്നും അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്രാജാവിന്റെ നാമത്തില്‍ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു.
ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ചു കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്നു രാജാവിന്റെ സകലസംസ്ഥാനങ്ങളിലേക്കും അഞ്ചല്‍ക്കാര്‍വശം എഴുത്തു അയച്ചു.
അന്നത്തേക്കു ഒരുങ്ങിയിരിക്കേണമെന്നു സകലജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര്‍പ്പിന്റെ പകര്‍പ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
അഞ്ചല്‍ക്കാര്‍ രാജ കല്പന പ്രമാണിച്ചു ക്ഷണത്തില്‍ പുറപ്പെട്ടു പോയി; ശൂശന്‍ രാജധാനിയിലും ആ തീര്‍പ്പു പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാന്‍ ഇരുന്നു; ശൂശമ്പട്ടണമോ കലങ്ങിപ്പോയി.
4
സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര്‍ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവില്‍ ചെന്നു കൈപ്പോടെ അത്യുച്ചത്തില്‍ നിലവിളിച്ചു.
അവന്‍ രാജാവിന്റെ പടിവാതിലോളവും വന്നുഎന്നാല്‍ രട്ടുടുത്തുംകൊണ്ടു ആര്‍ക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.
രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്ന ഔരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയില്‍ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റില്‍ കിടന്നു.
എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോള്‍ അവള്‍ അത്യന്തം വ്യസനിച്ചു മൊര്‍ദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാല്‍ അവന്‍ വാങ്ങിയില്ല.
അപ്പോള്‍ എസ്ഥേര്‍ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരില്‍ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയണ്ടേതിന്നു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ പോയിവരുവാന്‍ അവന്നു കല്പന കൊടുത്തു.
അങ്ങനെ ഹഥാക്ക്‍ രാജാവിന്റെ പടിവാതിലിന്നു മുമ്പില്‍ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ ചെന്നു.
മൊര്‍ദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാന്‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു.
അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനില്‍ പരസ്യമാക്കിയിരുന്ന തീര്‍പ്പിന്റെ പകര്‍പ്പ് അവന്‍ അവന്റെ കയ്യില്‍ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവള്‍ രാജസന്നിധിയില്‍ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.
അങ്ങനെ ഹഥാക്ക്‍ ചെന്നു മൊര്‍ദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു.
എസ്ഥേര്‍ മൊര്‍ദ്ദെഖായിയോടു ചെന്നു പറവാന്‍ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാല്‍
യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കല്‍ അകത്തെ പ്രാകാരത്തില്‍ ചെന്നുവെങ്കില്‍ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊന്‍ ചെങ്കോല്‍ ആയാളുടെ നേരെ നീട്ടാഞ്ഞാല്‍ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാല്‍ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കല്‍ ചെല്ലുവാന്‍ വിളിച്ചിട്ടില്ല.
അവര്‍ എസ്ഥേരിന്റെ വാക്കു മൊര്‍ദ്ദെഖായിയോടു അറിയിച്ചു.
മൊര്‍ദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാന്‍ കല്പിച്ചതുനീ രാജധാനിയില്‍ ഇരിക്കയാല്‍ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.
നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യെഹൂദന്മാര്‍ക്കും മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കും അറിയാം?
അതിന്നു എസ്ഥേര്‍ മൊര്‍ദ്ദെഖായിയോടു മറുപടി പറവാന്‍ കല്പിച്ചതു.
നീ ചെന്നു ശൂശനില്‍ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടിനിങ്ങള്‍ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിന്‍ ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാന്‍ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കല്‍ ചെല്ലും; ഞാന്‍ നശിക്കുന്നു എങ്കില്‍ നശിക്കട്ടെ.
അങ്ങനെ മൊര്‍ദ്ദെഖായി ചെന്നു എസ്ഥേര്‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.
5
മൂന്നാം ദിവസം എസ്ഥേര്‍ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തില്‍ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയില്‍ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തില്‍ ഇരിക്കയായിരുന്നു.
എസ്ഥേര്‍രാജ്ഞി പ്രാകാരത്തില്‍ നിലക്കുന്നതു രാജാവു കണ്ടപ്പോള്‍ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യില്‍ ഇരുന്ന പൊന്‍ ചെങ്കോല്‍ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേര്‍ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
രാജാവു അവളോടുഎസ്ഥേര്‍രാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തില്‍ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.
അതിന്നു എസ്ഥേര്‍രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാന്‍ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു.
എസ്ഥേര്‍ പറഞ്ഞതുപോലെ ചെയ്‍വാന്‍ ഹാമാനെ വേഗം വരുത്തുവിന്‍ എന്നു രാജാവു കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ ഒരുക്കിയ വിരുന്നിന്നു ചെന്നു.
വീഞ്ഞുവിരുന്നില്‍ രാജാവു എസ്ഥേരിനോടുനിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തില്‍ പാതിയോളമായാലും അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.
അതിന്നു എസ്ഥേര്‍എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു
രാജാവിന്നു എന്നോടു കൃപയുണ്ടെങ്കില്‍ എന്റെ അപേക്ഷ നലകുവാനും എന്റെ ആഗ്രഹം നിവര്‍ത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കില്‍ രാജാവും ഹാമാനും ഞാന്‍ ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം; നാളെ ഞാന്‍ രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.
അന്നു ഹാമാന്‍ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാല്‍ രാജാവിന്റെ വാതില്‍ക്കല്‍ മൊര്‍ദ്ദെഖായി എഴുന്നേല്‍ക്കാതെയും തന്നെ കൂശാതെയും ഇരിക്കുന്നതു കണ്ടു ഹാമാന്‍ മൊര്‍ദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു.
എങ്കിലും ഹാമാന്‍ തന്നെത്താന്‍ അടക്കിക്കൊണ്ടു തന്റെ വീട്ടില്‍ ചെന്നു സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.
ഹാമാന്‍ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാര്‍ക്കും രാജഭൃത്യന്മാര്‍ക്കും മേലായി തന്നെ ഉയര്‍ത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.
എസ്ഥേര്‍രാജ്ഞിയും താന്‍ ഒരുക്കിയ വിരുന്നിന്നു എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാന്‍ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന്നു ചെല്ലുവാന്‍ എന്നെ ക്ഷണിച്ചിരിക്കുന്നു.
എങ്കിലും യെഹൂദനായ മൊര്‍ദ്ദെഖായി രാജാവിന്റെ വാതില്‍ക്കല്‍ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാന്‍ പറഞ്ഞു.
അതിന്നു അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോടുഅമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊര്‍ദ്ദെഖായിയെ അതിന്മേല്‍ തൂക്കിക്കളയേണ്ടതിന്നു നാളെ രാവിലെ നീ രാജാവിനോടു അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന്നു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാന്നു ബോധിച്ചു; അവന്‍ കഴുമരം ഉണ്ടാക്കിച്ചു.
6
അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാല്‍ അവന്‍ ദിനവൃത്താന്തങ്ങള്‍ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കോള്‍പ്പിച്ചു;
ഉമ്മരിപ്പടി കാവല്‍ക്കാരായി രാജാവിന്റെ ഷണ്ഡന്മാരില്‍ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേര്‍ അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്‍വാന്‍ ശ്രമിച്ചിരുന്ന സംഗതി മൊര്‍ദ്ദെഖായി അറിവു തന്നപ്രകാരം അതില്‍ എഴുതിയിരിക്കുന്നതു കണ്ടു.
ഇതിന്നു വേണ്ടി മൊര്‍ദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു എന്നു രാജാവു ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാര്‍ പറഞ്ഞു.
പ്രാകാരത്തില്‍ ആരുള്ളു എന്നു രാജാവു ചോദിച്ചു. എന്നാല്‍ ഹാമാന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി താന്‍ തീര്‍പ്പിച്ച കഴുവിന്മേല്‍ അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാന്‍ രാജധാനിയുടെ പുറത്തു പ്രാകാരത്തില്‍ വന്നു നില്‍ക്കയായിരുന്നു.
രാജാവിന്റെ ഭൃത്യന്മാര്‍ അവനോടുഹാമാന്‍ പ്രാകാരത്തില്‍ നിലക്കുന്നു എന്നു പറഞ്ഞു. അവന്‍ അകത്തു വരട്ടെ എന്നു രാജാവു കല്പിച്ചു.
ഹാമാന്‍ അകത്തു വന്നപ്പോള്‍ രാജാവു അവനോടുരാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാന്‍ ഇച്ഛിക്കും എന്നു ഹാമാന്‍ ഉള്ളുകൊണ്ടു വിചാരിച്ചു.
ഹാമാന്‍ രാജാവിനോടുരാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന്നു വേണ്ടി
രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയില്‍ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.
വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരില്‍ ഒരുത്തന്റെ കയ്യില്‍ ഏല്പിക്കേണം; രാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്നു പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയില്‍ കൂടെ കൊണ്ടുനടന്നുരാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പില്‍ വിളിച്ചുപറയേണം എന്നു പറഞ്ഞു.
രാജാവു ഹാമാനോടുനീ വേഗം ചെന്നു വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതില്‍ക്കല്‍ ഇരിക്കുന്ന യെഹൂദനായ മൊര്‍ദ്ദെഖായിക്കു അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതില്‍ ഒന്നും കുറെച്ചുകളയരുതു എന്നു കല്പിച്ചു.
അപ്പോള്‍ ഹാമാന്‍ വസ്ത്രവും കുതിരയും കൊണ്ടുവന്നു മൊര്‍ദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയില്‍കൂടെ കൊണ്ടുനടന്നുരാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പില്‍ വിളിച്ചുപറഞ്ഞു.
മൊര്‍ദ്ദെഖായി രാജാവിന്റെ വാതില്‍ക്കല്‍ മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തലമൂടിയുംകൊണ്ടു വേഗത്തില്‍ വീട്ടിലേക്കു പോയി.
തനിക്കു സംഭവിച്ചതൊക്കെയും ഹാമാന്‍ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടുമൊര്‍ദ്ദെഖായിയുടെ മുമ്പില്‍ നീ വീഴുവാന്‍ തുടങ്ങി; അവന്‍ യെഹൂദ്യവംശക്കാരനാകുന്നു എങ്കില്‍ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.
അവര്‍ അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവിന്റെ ഷണ്ഡന്മാര്‍ വന്നു എസ്ഥേര്‍ ഒരുക്കിയവിരുന്നിന്നു ഹാമാനെ വേഗത്തില്‍ കൂട്ടിക്കൊണ്ടുപോയി.
7
അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍രാജ്ഞിയോടുകൂടെ വിരുന്നു കഴിവാന്‍ ചെന്നു.
രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്തു രാജാവു എസ്ഥേരിനോടുഎസ്ഥേര്‍ രാജ്ഞിയേ, നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തില്‍ പാതിയോളമായാലും അതു നിവര്‍ത്തിച്ചു തരാം എന്നു പറഞ്ഞു.
അതിന്നു എസ്ഥേര്‍രാജ്ഞിരാജാവേ, എന്നോടു കൃപയുണ്ടെങ്കില്‍ രാജാവിന്നു തിരുവുള്ളമുണ്ടെങ്കില്‍ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഔര്‍ത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.
ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാല്‍ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കില്‍ വൈരിക്കു രാജാവിന്റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാന്‍ കഴിവില്ലെന്നു വരികിലും ഞാന്‍ മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
അഹശ്വേരോശ്രാജാവു എസ്ഥേര്‍രാജ്ഞിയോടുഅവന്‍ ആര്‍? ഇങ്ങനെ ചെയ്‍വാന്‍ തുനിഞ്ഞവന്‍ എവിടെ എന്നു ചോദിച്ചു.
അതിന്നു എസ്ഥേര്‍വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാന്‍ തന്നേ എന്നു പറഞ്ഞു. അപ്പോള്‍ ഹാമാന്‍ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പില്‍ ഭ്രമിച്ചുപോയി.
രാജാവു ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ടു എഴുന്നേറ്റു ഉദ്യാനത്തിലേക്കു പോയി; എന്നാല്‍ രാജാവു തനിക്കു അനര്‍ത്ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാന്‍ തന്റെ ജീവരക്ഷെക്കായി എസ്ഥേര്‍രാജ്ഞിയോടു അപേക്ഷിപ്പാന്‍ നിന്നു.
രാജാവു ഉദ്യാനത്തില്‍നിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോള്‍ എസ്ഥേര്‍ ഇരിക്കുന്ന മെത്തമേല്‍ ഹാമാന്‍ വീണുകിടന്നിരുന്നു; അന്നേരം രാജാവുഇവന്‍ എന്റെ മുമ്പാകെ അരമനയില്‍വെച്ചു രാജ്ഞിയെ ബലാല്‍ക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായില്‍ നിന്നു വീണ ഉടനെ അവര്‍ ഹാമാന്റെ മുഖം മൂടി.
അപ്പോള്‍ രാജാവിന്റെ ഷണ്ഡന്മാരില്‍ ഒരുത്തനായ ഹര്‍ബ്ബോനാഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊര്‍ദ്ദെഖായിക്കു ഹാമാന്‍ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടില്‍ നിലക്കുന്നു എന്നു രാജസന്നിധിയില്‍ ബോധിപ്പിച്ചു; അതിന്മേല്‍ തന്നേ അവനെ തൂക്കിക്കളവിന്‍ എന്നു രാജാവു കല്പിച്ചു.
അവര്‍ ഹാമാനെ അവന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേല്‍ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
8
അന്നു അഹശ്വേരോശ്രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീടു എസ്ഥേര്‍രാജ്ഞിക്കു കൊടുത്തു; മൊര്‍ദ്ദെഖായിക്കു തന്നോടുള്ള ചാര്‍ച്ച ഇന്നതെന്നു എസ്ഥേര്‍ അറിയിച്ചതുകൊണ്ടു അവന്‍ രാജസന്നിധിയില്‍ പ്രവേശം പ്രാപിച്ചു.
രാജാവു ഹാമാന്റെ പക്കല്‍നിന്നു എടുത്ത തന്റെ മോതിരം ഊരി മൊര്‍ദ്ദെഖായിക്കു കൊടുത്തു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേല്‍വിചാരകനാക്കിവെച്ചു.
എസ്ഥേര്‍ പിന്നെയും രാജാവിനോടു സംസാരിച്ചു അവന്റെ കാല്‍ക്കല്‍ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവന്‍ യെഹൂദന്മാര്‍ക്കും വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.
രാജാവു പൊന്‍ ചെങ്കോല്‍ എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേര്‍ എഴുന്നേറ്റു രാജസന്നിധിയില്‍നിന്നു പറഞ്ഞതു
രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണില്‍ ഞാനും പ്രിയയായിരിക്കുന്നുവെങ്കില്‍ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്‍ എഴുതിയ ഉപായലേഖനങ്ങളെ ദുര്‍ബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.
എന്റെ ജനത്തിന്നു വരുന്ന അനര്‍ത്ഥം ഞാന്‍ എങ്ങനെ കണ്ടു സഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാന്‍ എങ്ങനെ കണ്ടു സഹിക്കും.
അപ്പോള്‍ അഹശ്വേരോശ്രാജാവു എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചതുഞാന്‍ ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവന്‍ യെഹൂദന്മാരെ കയ്യേറ്റം ചെയ്‍വാന്‍ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേല്‍ തൂക്കിക്കളഞ്ഞു.
നിങ്ങള്‍ക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തില്‍ യെഹൂദന്മാര്‍ക്കുംവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിന്‍ ; രാജനാമത്തില്‍ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുര്‍ബ്ബലപ്പെടുത്തുവാന്‍ ആര്‍ക്കും പാടില്ലല്ലോ.
അങ്ങനെ സീവാന്‍ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവര്‍ യെഹൂദന്മാര്‍ക്കും ഹിന്തുദേശം മുതല്‍ കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്‍ക്കും ദേശാധിപതിമാര്‍ക്കും സംസ്ഥാനപ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാര്‍ക്കും അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
അവന്‍ അഹശ്വേരോശ്രാജാവിന്റെ നാമത്തില്‍ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തില്‍ വളര്‍ന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഔടിക്കുന്ന അഞ്ചല്‍ക്കാരുടെ കൈവശം കൊടുത്തയച്ചു.
അവയില്‍ രാജാവു അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ,
അതതു പട്ടണത്തിലേ യെഹൂദന്മാര്‍ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കു വേണ്ടി പൊരുതു നില്പാനും തങ്ങളെ ഉപദ്രവിപ്പാന്‍ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാര്‍ക്കും അധികാരം കൊടുത്തു.
അന്നത്തേക്കു യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയചെയ്‍വാന്‍ ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര്‍പ്പിന്റെ പകര്‍പ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
അങ്ങനെ അഞ്ചല്‍ക്കാര്‍ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാല്‍ നിര്‍ബന്ധിതരായി ബദ്ധപ്പെട്ടു ഔടിച്ചുപോയി. ശൂശന്‍ രാജധാനിയിലും തീര്‍പ്പു പരസ്യം ചെയ്തു.
എന്നാല്‍ മൊര്‍ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന്‍ കിരീടവും ചണനൂല്‍കൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു; ശൂശന്‍ പട്ടണം ആര്‍ത്തു സന്തോഷിച്ചു.
യെഹൂദന്മാര്‍ക്കും പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.
രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ക്കും ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേല്‍ വീണിരുന്നതുകൊണ്ടു അവര്‍ പലരും യെഹൂദന്മാരായിത്തീര്‍ന്നു.
9
ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീര്‍പ്പും നടത്തുവാന്‍ അടുത്തപ്പോള്‍ യെഹൂദന്മാരുടെ ശത്രുക്കള്‍ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാര്‍ക്കും തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തില്‍ തന്നേ
അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാര്‍ തങ്ങളുടെ പട്ടണങ്ങളില്‍ തങ്ങളോടു ദോഷം ചെയ്‍വാന്‍ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേല്‍ വീണിരുന്നതുകൊണ്ടു ആര്‍ക്കും അവരോടു എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ല.
സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊര്‍ദ്ദെഖായിയെയുള്ള പേടി അവരുടെമേല്‍ വീണിരുന്നതുകൊണ്ടു യെഹൂദന്മാര്‍ക്കും സഹായം ചെയ്തു.
മൊര്‍ദ്ദെഖായി രാജധാനിയില്‍ മഹാന്‍ ആയിരുന്നു; മൊര്‍ദ്ദെഖായി എന്ന പുരുഷന്‍ മേലക്കുമേല്‍ മഹാനായി തീര്‍ന്നതുകൊണ്ടു അവന്റെ കീര്‍ത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകെച്ചവരോടു തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചു.
ശൂശന്‍ രാജധാനിയില്‍ യെഹൂദന്മാര്‍ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.
,8 പര്‍ശന്‍ ദാഥാ, ദല്‍ഫോന്‍ , അസ്പാഥാ, പോറാഥാ, അദല്യാ,
അരീദാഥാ, പര്‍മ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവര്‍ കൊന്നുകളഞ്ഞു.
എന്നാല്‍ കവര്‍ച്ചെക്കു അവര്‍ കൈ നീട്ടിയില്ല.
ശൂശന്‍ രാജധാനിയില്‍ അവര്‍ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയില്‍ കൊണ്ടുവന്നു.
അപ്പോള്‍ രാജാവു എസ്ഥേര്‍രാജ്ഞിയോടുയെഹൂദന്മാര്‍ ശൂശന്‍ രാജധാനിയില്‍ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.
അതിന്നു എസ്ഥേര്‍രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാര്‍ ഇന്നത്തെ തീര്‍പ്പുപോലെ നാളെയും ചെയ്‍വാന്‍ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേല്‍ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.
അങ്ങനെ ചെയ്തുകൊള്‍വാന്‍ രാജാവു കല്പിച്ചു ശൂശനില്‍ തീര്‍പ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവര്‍ തൂക്കിക്കളഞ്ഞു.
ശൂശനിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനില്‍ മുന്നൂറുപേരെ കൊന്നു; എങ്കിലും കവര്‍ച്ചെക്കു അവര്‍ കൈ നീട്ടിയില്ല.
രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാര്‍ ആദാര്‍ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യില്‍നിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവര്‍ തങ്ങളുടെ വൈരികളില്‍ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവര്‍ച്ചെക്കു കൈ നീട്ടിയില്ല.
ആ മാസം പതിന്നാലാം തിയ്യതിയോ അവര്‍ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു.
ശൂശനിലെ യെഹൂദന്മാര്‍ ആ മാസം പതിമ്മൂന്നാം തിയ്യതിയും പതിന്നാലാം തിയ്യതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തിയ്യതി അവര്‍ വിശ്രമിച്ചു അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.
അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളില്‍ പാര്‍ക്കുംന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മില്‍ തമ്മില്‍ സമ്മാനങ്ങള്‍ കൊടുത്തയക്കുകയും ചെയ്യുന്നു.
ആണ്ടുതോറും ആദാര്‍മാസം പതിന്നാലും പതിനഞ്ചും തിയ്യതിയെ യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളുടെ കയ്യില്‍നിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവര്‍ക്കും സന്തോഷമായും വിലാപം ഉത്സവമായും തീര്‍ന്ന മാസമായിട്ടും ആചരിക്കേണമെന്നും
അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മില്‍ തമ്മില്‍ സമ്മാനങ്ങളും ദരിദ്രന്മാര്‍ക്കും ദാനധര്‍മ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ടു ആചരിക്കേണമെന്നും
അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാര്‍ക്കും ചട്ടമാക്കേണ്ടതിന്നും മൊര്‍ദ്ദെഖായി ഈ കാര്യങ്ങള്‍ എഴുതി അവര്‍ക്കും എഴുത്തു അയച്ചു.
അങ്ങനെ യെഹൂദന്മാര്‍ തങ്ങള്‍ തുടങ്ങിയിരുന്നതും മൊര്‍ദ്ദെഖായി തങ്ങള്‍ക്കു എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.
ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാന്‍ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന്നു അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന്നു പൂരെന്ന ചീട്ടു ഇടുവിക്കയും
കാര്യം രാജാവിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ യെഹൂദന്മാര്‍ക്കും വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേല്‍ തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവര്‍ ആ നാളുകള്‍ക്കു പൂര് എന്ന പദത്താല്‍ പൂരീം എന്നു പേര്‍ വിളിച്ചു.
ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തില്‍ അവര്‍ തന്നേ കണ്ടവയും അവര്‍ക്കും സംഭവിച്ചവയും നിമിത്തം
യെഹൂദന്മാര്‍ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും
ഈ ദിവസങ്ങള്‍ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഔര്‍ക്കത്തക്കവണ്ണവും ഈ പൂരീംദിവസങ്ങള്‍ യെഹൂദന്മാരുടെ മദ്ധ്യേനിന്നു ഒഴിഞ്ഞുപോകയോ അവയുടെ ഔര്‍മ്മ തങ്ങളുടെ സന്തതിയില്‍നിന്നു വിട്ടു പോകയോ ചെയ്യാത്തപ്രകാരവും തങ്ങള്‍ക്കും സന്തതികള്‍ക്കും അവരോടു ചേരുവാനുള്ള എല്ലാവര്‍ക്കും ചട്ടമായി കൈക്കൊണ്ടു.
പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന്നു അബീഹയീലിന്റെ മകളായ എസ്ഥേര്‍രാജ്ഞിയും യെഹൂദനായ മൊര്‍ദ്ദെഖായിയും സര്‍വ്വാധികാരത്തോടുംകൂടെ എഴുത്തു എഴുതി.
യെഹൂദനായ മൊര്‍ദ്ദെഖായിയും എസ്ഥേര്‍രാജ്ഞിയും അവര്‍ക്കും ചട്ടമാക്കിയിരുന്നതുപോലെയും അവര്‍ തന്നേ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങള്‍ക്കും സന്തതികള്‍ക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീംദിവസങ്ങളെ നിശ്ചിതസമയത്തു തന്നേ സ്ഥിരമാക്കേണ്ടതിന്നു
അവന്‍ അഹശ്വേരോശിന്റെ രാജ്യത്തിലുള്‍പ്പെട്ട നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാര്‍ക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടു കൂടിയ എഴുത്തു അയച്ചു.
ഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാല്‍ പൂരീംസംബന്ധിച്ച കാര്യങ്ങള്‍ ഉറപ്പായി അതു പുസ്തകത്തില്‍ എഴുതിവെച്ചു.
10
അനന്തരം അഹശ്വേരോശ്രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകള്‍ക്കും ഒരു കരം കല്പിച്ചു.
അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊര്‍ദ്ദെഖായിയെ ഉയര്‍ത്തിയ ഉന്നത പദവിയുടെ വിവരവും മേദ്യയിലെയും പാര്‍സ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരില്‍വെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സര്‍വ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
- License
-
CC-0
Link to license
- Citation Suggestion for this Edition
- TextGrid Repository (2025). Christos Christodoulopoulos. Esther (Malayalam). Multilingual Parallel Bible Corpus. https://hdl.handle.net/21.11113/0000-0016-A632-4