1

ന്യായാധിപന്മാര്‍ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കല്‍ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആള്‍ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയി.
അവന്നു എലീമേലെക്‍ എന്നും ഭാര്യെക്കു നൊവൊമി എന്നും രണ്ടു പുത്രന്മാര്‍ക്കും മഹ്ളോന്‍ എന്നും കില്യോന്‍ എന്നും പേര്‍. അവര്‍ യെഹൂദയിലെ ബേത്ത്ളഹെമില്‍നിന്നുള്ള എഫ്രാത്യര്‍ ആയിരുന്നു; അവര്‍ മോവാബ് ദേശത്തു ചെന്നു അവിടെ താമസിച്ചു.
എന്നാല്‍ നൊവൊമിയുടെ ഭര്‍ത്താവായ എലീമേലെക്‍ മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.
അവര്‍ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു ഒരുത്തിക്കു ഒര്‍പ്പാ എന്നും മറ്റവള്‍ക്കു രൂത്ത് എന്നും പേര്‍; അവര്‍ ഏകദേശം പത്തു സംവത്സരം അവിടെ പാര്‍ത്തു.
പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭര്‍ത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.
യഹോവ തന്റെ ജനത്തെ സന്ദര്‍ശിച്ചു ആഹാരം കൊടുത്തപ്രകാരം അവള്‍ മോവാബ് ദേശത്തുവെച്ചു കേട്ടിട്ടു മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാന്‍ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.
അങ്ങനെ അവള്‍ മരുമക്കളുമായി പാര്‍ത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാന്‍ യാത്രയായി.
എന്നാല്‍ നൊവൊമി മരുമക്കള്‍ ഇരുവരോടുംനിങ്ങള്‍ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.
നിങ്ങള്‍ താന്താന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങള്‍ക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവര്‍ ഉച്ചത്തില്‍ കരഞ്ഞു.
അവര്‍ അവളോടുഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കല്‍ പോരുന്നു എന്നു പറഞ്ഞു.
അതിന്നു നൊവൊമി പറഞ്ഞതുഎന്റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിപ്പാന്‍ ഇനി എന്റെ ഉദരത്തില്‍ പുത്രന്മാര്‍ ഉണ്ടോ?
എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാന്‍ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും
അവര്‍ക്കും പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല്‍ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.
അവര്‍ പിന്നെയും പൊട്ടിക്കരഞ്ഞു; ഒര്‍പ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.
അപ്പോള്‍ അവള്‍നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കല്‍ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.
അതിന്നു രൂത്ത്നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുംന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.
നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാല്‍ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
തന്നോടു കൂടെ പോരുവാന്‍ അവള്‍ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോള്‍ അവള്‍ അവളോടു സംസാരിക്കുന്നതു മതിയാക്കി.
അങ്ങനെ അവര്‍ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവര്‍ ബേത്ത്ളേഹെമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
അവള്‍ അവരോടു പറഞ്ഞതുനൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിന്‍ ; സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.
നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വ്വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
ഇങ്ങനെ നൊവൊമി മോവാബ് ദേശത്തുനിന്നു കൂടെ പോന്ന മരുമകള്‍ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവര്‍ യവക്കൊയ്ത്തിന്റെ ആരംഭത്തില്‍ ബേത്ത്ളേഹെമില്‍ എത്തി.

2

നൊവൊമിക്കു തന്റെ ഭര്‍ത്താവായ എലീമേലെക്കിന്റെ കുടുംബത്തില്‍ മഹാധനവാനായ ഒരു ചാര്‍ച്ചക്കാരന്‍ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേര്‍.
എന്നാല്‍ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടുഞാന്‍ വയലില്‍ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിര്‍ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊള്‍ക മകളേ എന്നു അവള്‍ അവളോടു പറഞ്ഞു.
അങ്ങനെ അവള്‍ പോയി; വയലില്‍ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാല്‍ അവള്‍ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലില്‍ ആയിരുന്നു ചെന്നതു.
അപ്പോള്‍ ഇതാ, ബോവസ് ബേത്ത്ളെഹെമില്‍നിന്നു വരുന്നു; അവന്‍ കൊയ്ത്തുകാരോടുയഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവര്‍ അവനോടും പറഞ്ഞു.
കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടുഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.
കൊയ്ത്തുകാരുടെ മേലാളായ ഭൃത്യന്‍ ഇവള്‍ മോവാബ് ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;
ഞാന്‍ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയില്‍ പെറുക്കിക്കൊള്ളട്ടെ എന്നു അവള്‍ ചോദിച്ചു; അങ്ങനെ അവള്‍ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടില്‍ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.
ബോവസ് രൂത്തിനോടുകേട്ടോ മകളേ, പെറുക്കുവാന്‍ വേറൊരു വയലില്‍ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേര്‍ന്നുകൊള്‍ക.
അവര്‍ കൊയ്യുന്ന നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊള്‍ക; ബാല്യക്കാര്‍ നിന്നെ തൊടരുതെന്നു ഞാന്‍ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ബാല്യക്കാര്‍ കോരിവെച്ചതില്‍നിന്നു കുടിച്ചുകൊള്‍ക എന്നു പറഞ്ഞു.
എന്നാറെ അവള്‍ സാഷ്ടാംഗം വീണു അവനോടുഞാന്‍ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാന്‍ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു.
ബോവസ് അവളോടുനിന്റെ ഭര്‍ത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കല്‍ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാന്‍ കേട്ടിരിക്കുന്നു.
നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിന്‍ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവന്‍ പൂര്‍ണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
അതിന്നു അവള്‍യജമാനനേ, ഞാന്‍ നിന്റെ ദാസിമാരില്‍ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‍വാന്‍ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.
ഭക്ഷണസമയത്തു ബോവസ് അവളോടുഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റില്‍ മുക്കിക്കൊള്‍ക എന്നു പറഞ്ഞു. അങ്ങനെ അവള്‍ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.
അവള്‍ പെറുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ ബോവസ് തന്റെ ബാല്യക്കാരോടുഅവള്‍ കറ്റകളുടെ ഇടയില്‍തന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു.
പെറുക്കേണ്ടതിന്നു അവള്‍ക്കായിട്ടു കറ്റകളില്‍നിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു.
ഇങ്ങനെ അവള്‍ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോള്‍ ഏകദേശം ഒരു പറ യവം ഉണ്ടായിരുന്നു.
അവള്‍ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവള്‍ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താന്‍ തിന്നു ശേഷിപ്പിച്ചിരുന്നതും അവള്‍ എടുത്തു അവള്‍ക്കു കൊടുത്തു.
അമ്മാവിയമ്മ അവളോടുനീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവന്‍ ആനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. താന്‍ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവള്‍ അമ്മാവിയമ്മയോടു അറിയിച്ചുബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാന്‍ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.
നൊവൊമി മരുമകളോടുജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാല്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. അയാള്‍ നമുക്കു അടുത്ത ചാര്‍ച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരില്‍ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
എന്റെ ബാല്യക്കാര്‍ കൊയ്ത്തെല്ലാം തീര്‍ക്കുംവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവന്‍ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
നൊവൊമി തന്റെ മരുമകളായ രൂത്തിനോടുമകളേ, വെറൊരു വയലില്‍വെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.
അങ്ങനെ അവള്‍ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാന്‍ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേര്‍ന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാര്‍ക്കയും ചെയ്തു.

3

അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതുമകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാന്‍ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
നീ ചേര്‍ന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാര്‍ച്ചക്കാരനല്ലയോ? അവന്‍ ഇന്നു രാത്രി കളത്തില്‍ യവം തൂറ്റുന്നു.
ആകയാല്‍ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തില്‍ ചെല്ലുക; ആയാള്‍ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു.
ഉറങ്ങുവാന്‍ പോകുമ്പോള്‍ അവന്‍ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു കൊള്‍ക; എന്നാല്‍ നീ എന്തു ചെയ്യേണമെന്നു അവന്‍ നിനക്കു പറഞ്ഞുതരും.
അതിന്നു അവള്‍നീ പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം എന്നു അവളോടു പറഞ്ഞു.
അങ്ങനെ അവള്‍ കളത്തില്‍ ചെന്നു അമ്മാവിയമ്മകല്പിച്ചതുപോലെ ഒക്കെയും ചെയ്തു.
ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.
അര്‍ദ്ധരാത്രിയില്‍ അവന്‍ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്‍ക്കല്‍ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആര്‍ എന്നു അവന്‍ ചോദിച്ചു.
ഞാന്‍ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേല്‍ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവള്‍ പറഞ്ഞു.
അതിന്നു അവന്‍ പറഞ്ഞതുമകളേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവള്‍; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാല്‍ ആദ്യത്തേതില്‍ അധികം ദയ ഒടുവില്‍ കാണിച്ചിരിക്കുന്നു.
ആകയാല്‍ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാന്‍ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാര്‍ക്കും എല്ലാവര്‍ക്കും അറിയാം.
ഞാന്‍ നിന്റെ വീണ്ടെടുപ്പുകാരന്‍ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാള്‍ അടുത്ത ഒരു വീണ്ടെടുപ്പുകാരന്‍ ഉണ്ടു.
ഈ രാത്രി താമസിക്ക; നാളെ അവന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിച്ചാല്‍ കൊള്ളാം; അവന്‍ നിവര്‍ത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിപ്പാന്‍ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിര്‍വര്‍ത്തിച്ചുതരും; രാവിലെവരെ കിടന്നുകൊള്‍ക.
അങ്ങനെ അവള്‍ രാവിലെവരെ അവന്റെ കാല്‍ക്കല്‍ കിടന്നു; ഒരു സ്ത്രീ കളത്തില്‍ വന്നതു ആരും അറിയരുതെന്നു അവന്‍ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവള്‍ എഴുന്നേറ്റു.
നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവന്‍ പറഞ്ഞു. അവള്‍ അതു പിടിച്ചപ്പോള്‍ അവന്‍ ആറിടങ്ങഴി യവം അതില്‍ അളന്നുകൊടുത്തു; അവള്‍ പട്ടണത്തിലേക്കു പോയി.
അവള്‍ അമ്മാവിയമ്മയുടെ അടുക്കല്‍ വന്നപ്പോള്‍നിന്റെ കാര്യം എന്തായി മകളേ എന്നു അവള്‍ ചോദിച്ചു; ആയാള്‍ തനിക്കു ചെയ്തതൊക്കെയും അവള്‍ അറിയിച്ചു.
അമ്മാവിയമ്മയുടെ അടുക്കല്‍ വെറുങ്കയ്യായി പോകരുതു എന്നു അവന്‍ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവള്‍ പറഞ്ഞു.
അതിന്നു അവള്‍എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീര്‍ക്കുംവരെ ആയാള്‍ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.

4

എന്നാല്‍ ബോവസ് പട്ടണവാതില്‍ക്കല്‍ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരന്‍ കടന്നുപോകുന്നതു കണ്ടുഎടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവന്‍ ചെന്നു അവിടെ ഇരുന്നു.
പിന്നെ അവന്‍ പട്ടണത്തിലെ മൂപ്പന്മാരില്‍ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു; അവരും ഇരുന്നു.
അപ്പോള്‍ അവന്‍ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതുമോവാബ് ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയല്‍ വിലക്കുന്നു. ആകയാല്‍ നിന്നോടു അതു അറിയിപ്പാന്‍ ഞാന്‍ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;
നിനക്കു വീണ്ടെടുപ്പാന്‍ മനസ്സുണ്ടെങ്കില്‍ വീണ്ടെടുക്ക; വീണ്ടെടുപ്പാന്‍ നിനക്കു മനസ്സില്ലെങ്കില്‍ ഞാന്‍ അറിയേണ്ടതിന്നു എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാന്‍ ആരും ഇല്ല.
അതിന്നു അവന്‍ ഞാന്‍ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോള്‍ ബോവസ്നീ നൊവൊമിയോടു വയല്‍ വാങ്ങുന്ന നാളില്‍ മരിച്ചവന്റെ അവകാശത്തിന്മേല്‍ അവന്റെ പേര്‍ നിലനിര്‍ത്തുവാന്‍ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.
അതിന്നു വീണ്ടെടുപ്പുകാരന്‍ എനിക്കു അതു വീണ്ടെടുപ്പാന്‍ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാല്‍ ഞാന്‍ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊള്‍ക; എനിക്കു വീണ്ടെടുപ്പാന്‍ കഴികയില്ല എന്നു പറഞ്ഞു.
എന്നാല്‍ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ ഒരുത്തന്‍ തന്റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലില്‍ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലില്‍ ഉറപ്പാക്കുന്ന വിധം.
അങ്ങനെ ആ വീണ്ടെടുപ്പുകാരന്‍ ബോവസിനോടുനീ അതു വാങ്ങിക്കൊള്‍ക എന്നു പറഞ്ഞു തന്റെ ചെരിപ്പൂരിക്കൊടുത്തു.
അപ്പോള്‍ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞതുഎലീമേലെക്കിന്നുള്ളതൊക്കെയും കില്യോന്നും മഹ്ളോന്നും ഉള്ളതൊക്കെയും ഞാന്‍ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന്നു നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.
അത്രയുമല്ല മരിച്ചവന്റെ പേര്‍ അവന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നും അവന്റെ പട്ടണവാതില്‍ക്കല്‍നിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേര്‍ അവന്റെ അവകാശത്തിന്മേല്‍ നിലനിര്‍ത്തേണ്ടതിന്നു മഹ്ളോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.
അതിന്നു പട്ടണവാതില്‍ക്കല്‍ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതുഞങ്ങള്‍ സാക്ഷികള്‍ തന്നേ; നിന്റെ വീട്ടില്‍ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവര്‍ ഇരുവരുമല്ലോ യിസ്രായേല്‍ഗൃഹം പണിതതു; എഫ്രാത്തയില്‍ നീ പ്രബലനും ബേത്ത്ളേഹെമില്‍ വിശ്രുതനുമായിരിക്ക.
ഈ യുവതിയില്‍നിന്നു യഹോവ നിനക്കു നലകുന്ന സന്തതിയാല്‍ നിന്റെ ഗൃഹം താമാര്‍ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.
ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഭാര്യയായി; അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ യഹോവ അവള്‍ക്കു ഗര്‍ഭംനല്കി; അവള്‍ ഒരു മകനെ പ്രസവിച്ചു.
എന്നാറെ സ്ത്രീകള്‍ നൊവൊമിയോടുഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്റെ പേര്‍ യിസ്രായേലില്‍ വിശ്രുതമായിരിക്കട്ടെ.
അവന്‍ നിനക്കു ആശ്വാസപ്രദനും നിന്റെ വാര്‍ദ്ധക്യത്തിങ്കല്‍ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.
നൊവൊമി കുഞ്ഞിനെ എടുത്തു മടിയില്‍ കിടത്തി അവന്നു ധാത്രിയായ്തീര്‍ന്നു.
അവളുടെ അയല്‍ക്കാരത്തികള്‍നൊവൊമിക്കു ഒരു മകന്‍ ജനിച്ചു എന്നു പറഞ്ഞു അവന്നു ഔബേദ് എന്നു പേര്‍ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ഇവന്‍ തന്നേ.
ഫേരെസിന്റെ വംശപാരമ്പര്യമാവിതുഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോന്‍ രാമിനെ ജനിപ്പിച്ചു.
രാം അമ്മീനാദാബിനെ ജനിപ്പിച്ചു.
അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ സല്മോനെ ജനിപ്പിച്ചു.
സല്മോന്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഔബേദിനെ ജനിപ്പിച്ചു.
ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.

Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Ruth (Malayalam). Ruth (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A619-1