1

മൂപ്പനായ ഞാന്‍ സത്യത്തില്‍ സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു
പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
സഹോദരന്മാര്‍ വന്നു, നീ സത്യത്തില്‍ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാല്‍ ഞാന്‍ അത്യന്തം സന്തോഷിച്ചു.
എന്റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കില്ല.
പ്രിയനേ, നീ സഹോദരന്മാര്‍ക്കും വിശേഷാല്‍ അതിഥികള്‍ക്കും വേണ്ടി അദ്ധ്വാനിക്കുന്നതില്‍ ഒക്കെയും വിശ്വസ്തത കാണിക്കുന്നു.
അവര്‍ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാല്‍ നന്നായിരിക്കും.
തിരുനാമം നിമിത്തമല്ലോ അവര്‍ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു.
ആകയാല്‍ നാം സത്യത്തിന്നു കൂട്ടുവേലക്കാര്‍ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു.
സഭെക്കു ഞാന്‍ ഒന്നെഴുതിയിരുന്നുഎങ്കിലും അവരില്‍ പ്രധാനിയാകുവാന്‍ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.
അതുകൊണ്ടു ഞാന്‍ വന്നാല്‍ അവന്‍ ഞങ്ങളെ ദുര്‍വ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഔര്‍മ്മ വരുത്തും. അവന്‍ അങ്ങിനെ ചെയ്യുന്നതു പോരാ എന്നുവെച്ചു താന്‍ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിന്നു മനസ്സുള്ളവരെ വിരോധിക്കയും സഭയില്‍നിന്നു പുറത്താക്കുകയും ചെയ്യുന്നു.
പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവന്‍ ദൈവത്തില്‍നിന്നുള്ളവന്‍ ആകുന്നു; തിന്മ ചെയ്യുന്നവന്‍ ദൈവത്തെ കണ്ടിട്ടില്ല.
ദെമേത്രിയൊസിന്നു എല്ലാവരാലും സത്യത്താല്‍ തന്നേയും സാക്ഷ്യം ലഭിച്ചിട്ടുണ്ടു; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്നു നീ അറിയുന്നു.
എഴുതി അയപ്പാന്‍ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാന്‍ എനിക്കു മനസ്സില്ല.
വേഗത്തില്‍ നിന്നെ കാണ്മാന്‍ ആശിക്കുന്നു. അപ്പോള്‍ നമുക്കു മുഖാമുഖമായി സംസാരിക്കാം
നിനക്കു സമാധാനം. സ്നേഹിതന്മാര്‍ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാര്‍ക്കും പേരുപേരായി വന്ദനം ചൊല്ലുക.

Rechtsinhaber*in
Multilingual Bible Corpus

Zitationsvorschlag für dieses Objekt
TextGrid Repository (2025). Malayalam Collection. 3 John (Malayalam). 3 John (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A70C-F