1

പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു
പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വര്‍ദ്ധിച്ചും ആളാംപ്രതി നിങ്ങള്‍ക്കു എല്ലാവര്‍ക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാല്‍ ഞങ്ങള്‍ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നു.
അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
അതു നിങ്ങള്‍ കഷ്ടപ്പെടുവാന്‍ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.
കര്‍ത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു അഗ്നിജ്വാലയില്‍ പ്രത്യക്ഷനായി
ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍
നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയില്‍ നീതിയല്ലോ.
ആ നാളില്‍ അവന്‍ തന്റെ വിശുദ്ധന്മാരില്‍ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താന്‍ അതിശയവിഷയം ആകേണ്ടതിന്നും
വരുമ്പോള്‍ സുവിശേഷം അനുസരിക്കാത്തവര്‍ കര്‍ത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
അതുകൊണ്ടു ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും കൃപയാല്‍ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങള്‍ അവനിലും മഹത്വപ്പെടേണ്ടതിന്നു
നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സല്‍ഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂര്‍ണ്ണമാക്കിത്തരേണം എന്നു നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു.

2

ഇനി സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങള്‍ നിങ്ങളോടു അപേക്ഷിക്കുന്നതു
കര്‍ത്താവിന്റെ നാള്‍ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങള്‍ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങള്‍ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തില്‍ ഇളകുകയും ഞെട്ടിപ്പോകയുമരുതു.
ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്‍മ്മമൂര്‍ത്തിയുമായവന്‍ വെളിപ്പെടുകയും വേണം.
അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താന്‍ ഉയര്‍ത്തുന്ന എതിരാളി അത്രേ.
നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ തന്നേ ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഔര്‍ക്കുംന്നില്ലയോ?
അവന്‍ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോള്‍ നടക്കുന്നതു എന്തു എന്നു നിങ്ങള്‍ അറിയുന്നു.
അധര്‍മ്മത്തിന്റെ മര്‍മ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവന്‍ വഴിയില്‍നിന്നു നീങ്ങിപോക മാത്രം വേണം.
അപ്പോള്‍ അധര്‍മ്മമൂര്‍ത്തി വെളിപ്പെട്ടുവരും; അവനെ കര്‍ത്താവായ യേശു തന്റെ വായിലെ ശ്വാസത്താല്‍ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താല്‍ നശിപ്പിക്കും.
അധര്‍മ്മമൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്‍ക്കും സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും.
സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു
ദൈവം അവര്‍ക്കും ഭോഷകു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
ഞങ്ങളോ, കര്‍ത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതല്‍ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങള്‍ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാന്‍ കടമ്പെട്ടിരിക്കുന്നു.
നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവന്‍ ഞങ്ങളുടെ സുവിശേഷഘോഷണത്താല്‍ നിങ്ങളെ രക്ഷെക്കു വിളിച്ചതു.
ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഉറെച്ചുനിന്നു ഞങ്ങള്‍ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്‍വിന്‍ .
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും
നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.

3

ഒടുവില്‍ സഹോദരന്മാരേ, കര്‍ത്താവിന്റെ വചനം നിങ്ങളുടെ അടുക്കല്‍ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും
വല്ലാത്തവരും ദുഷ്ടരുമായ മനുഷ്യരുടെ കയ്യില്‍ നിന്നു ഞങ്ങള്‍ വിടുവിക്കപ്പെടാനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; വിശ്വാസം എല്ലാവര്‍ക്കും ഇല്ലല്ലോ.
കര്‍ത്താവോ വിശ്വസ്തന്‍ ; അവന്‍ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
ഞങ്ങള്‍ ആജ്ഞാപിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങള്‍ നിങ്ങളെക്കുറിച്ചു കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു.
കര്‍ത്താവു താന്‍ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ.
സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു ആജ്ഞാപിക്കുന്നു.
ഞങ്ങള്‍ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ. ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ക്രമം കെട്ടു നടന്നിട്ടില്ല,
ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങള്‍ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകല്‍ വേലചെയ്തു പോന്നതു
അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാന്‍ നിങ്ങള്‍ക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
വേലചെയ്‍വാന്‍ മനസ്സില്ലാത്തവന്‍ തിന്നുകയുമരുതു എന്നു ഞങ്ങള്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
നിങ്ങളില്‍ ചിലര്‍ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേള്‍ക്കുന്നു.
ഇങ്ങനെയുള്ളവരോടുസാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കര്‍ത്താവായ യേശുക്രിസ്തുവില്‍ ഞങ്ങള്‍ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതില്‍ തളര്‍ന്നു പോകരുതു.
ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവന്‍ നാണിക്കേണ്ടതിന്നു അവനോടുള്ള സംസര്‍ഗ്ഗം വിട്ടു അവനെ വേറുതിരിപ്പിന്‍ .
എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരന്‍ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.
സമാധാനത്തിന്റെ കര്‍ത്താവായവന്‍ താന്‍ നിങ്ങള്‍ക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നലകുമാറാകട്ടെ; കര്‍ത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
പൌലൊസായ എന്റെ കയ്യാല്‍ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാന്‍ എഴുതുന്നു.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

Rechtsinhaber*in
Multilingual Bible Corpus

Zitationsvorschlag für dieses Objekt
TextGrid Repository (2025). Malayalam Collection. 2 Thessalonians (Malayalam). 2 Thessalonians (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A6DE-3