1

ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്‍രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോള്‍, യഹോവ ഹോശേയയോടുനീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തില്‍ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.
അങ്ങനെ അവന്‍ ചെന്നു ദിബ്ളയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു അവന്നു ഒരു മകനെ പ്രസവിച്ചു.
യഹോവ അവനോടുഅവന്നു യിസ്രെയേല്‍ (ദൈവം വിതെക്കും) എന്നു പേര്‍വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന്‍ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ചു യിസ്രായേല്‍ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
അന്നാളില്‍ ഞാന്‍ യിസ്രെയേല്‍ താഴ്വരയില്‍വെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടുഅവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേല്‍ഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
എന്നാല്‍ യെഹൂദാഗൃഹത്തോടു ഞാന്‍ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാള്‍കൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
അവള്‍ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
അപ്പോള്‍ യഹോവഅവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേര്‍ വിളിക്ക; നിങ്ങള്‍ എന്റെ ജനമല്ല, ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
എങ്കിലും യിസ്രായേല്‍മക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്‍ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള്‍ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങള്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്നു അവരോടു പറയും.
യെഹൂദാമക്കളും യിസ്രായേല്‍മക്കളും ഒന്നിച്ചുകൂടി തങ്ങള്‍ക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാള്‍ വലുതായിരിക്കുമല്ലോ.

2

നിങ്ങളുടെ സഹോദരന്മാര്‍ക്കും അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരി മാര്‍ക്കും രൂഹമാ (കരുണ ലഭിച്ചവള്‍) എന്നും പേര്‍ വിളിപ്പിന്‍ .
വ്യവഹരിപ്പിന്‍ ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിന്‍ ; അവള്‍ എന്റെ ഭാര്യയല്ല, ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല; അവള്‍ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവില്‍നിന്നും നീക്കിക്കളയട്ടെ.
അല്ലെങ്കില്‍ ഞാന്‍ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിര്‍ത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
ഞാന്‍ അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവര്‍ പരസംഗത്തില്‍ ജനിച്ച മക്കളല്ലോ.
അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവള്‍ ലജ്ജ പ്രവര്‍ത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാന്‍ പോകുമെന്നു പറഞ്ഞുവല്ലോ.
അതുകൊണ്ടു ഞാന്‍ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവള്‍ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാന്‍ ഒരു മതില്‍ ഉണ്ടാക്കും.
അവള്‍ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടു ഒപ്പം എത്തുകയില്ല; അവള്‍ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോള്‍ അവള്‍ഞാന്‍ എന്റെ ആദ്യത്തെ ഭര്‍ത്താവിന്റെ അടുക്കല്‍ മടങ്ങിപ്പോകും; ഇന്നത്തേക്കാള്‍ അന്നു എനിക്കു ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.
അവള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വര്‍ദ്ധിപ്പിച്ചതിനും ഞാന്‍ എന്നു അവള്‍ അറിഞ്ഞില്ല.
അതുകൊണ്ടു താല്‍ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാന്‍ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിന്‍ രോമവും ശണയവും ഞാന്‍ എടുത്തുകളകയും ചെയ്യും.
ഇപ്പോള്‍ ഞാന്‍ അവളുടെ ജാരന്മാര്‍ കാണ്‍കെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യില്‍നിന്നു വിടുവിക്കയില്ല.
ഞാന്‍ അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.
ഇതു എന്റെ ജാരന്മാര്‍ എനിക്കു തന്ന സമ്മാനങ്ങള്‍ എന്നു അവള്‍ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാന്‍ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങള്‍ അവയെ തിന്നുകളയും
അവള്‍ ബാല്‍വിഗ്രഹങ്ങള്‍ക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടര്‍ന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാന്‍ അവളോടു സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
അതുകൊണ്ടു ഞാന്‍ അവളെ വശീകരിച്ചു മരുഭൂമിയില്‍ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
അവിടെ നിന്നു ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍താഴ്വരയെയും കൊടുക്കും അവള്‍ അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
അന്നാളില്‍ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭര്‍ത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.
ഞാന്‍ ബാല്‍വിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായില്‍നിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേര്‍ചൊല്ലി സ്മരിക്കയുമില്ല.
അന്നാളില്‍ ഞാന്‍ അവര്‍ക്കും വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാന്‍ വില്ലും വാളും യുദ്ധവും ഭൂമിയില്‍നിന്നു നീക്കി, അവരെ നിര്‍ഭയം വസിക്കുമാറാക്കും.
ഞാന്‍ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.
ഞാന്‍ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.
ആ കാലത്തു ഞാന്‍ ഉത്തരം നലകും എന്നു യഹോവ അരുളിച്ചെയ്യുന്നുഞാന്‍ ആകാശത്തിന്നു ഉത്തരം നലകും; അതു ഭൂമിക്കു ഉത്തരം നലകും;
ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നലകും; അവ യിസ്രെയേലിന്നും ഉത്തരം നലകും.
ഞാന്‍ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടുനീ എന്റെ ജനം എന്നു ഞാന്‍ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.

3

അനന്തരം യഹോവ എന്നോടുയിസ്രായേല്‍മക്കള്‍ അന്യദേവന്മാരോടു ചേര്‍ന്നു മുന്തിരിയടകളില്‍ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാല്‍ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു.
അങ്ങനെ ഞാന്‍ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെര്‍ യവത്തിന്നും മേടിച്ചു അവളോടു
നീ ബഹുകാലം അടങ്ങിപ്പാര്‍ക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.
ഈ വിധത്തില്‍ യിസ്രായേല്‍മക്കള്‍ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.
പിന്നത്തേതില്‍ യിസ്രായേല്‍മക്കള്‍ തിരഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവര്‍ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.

4

യിസ്രായേല്‍മക്കളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; യഹോവേക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
അവര്‍ ആണയിടുന്നു; ഭോഷകു പറയുന്നു; കുല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.
അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
എങ്കിലും ആരും വാദിക്കരുതു; ആരും ശാസിക്കയും അരുതു; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
അതുകൊണ്ടു നീ പകല്‍ സമയത്തു ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയില്‍ ഇടറിവീഴും; നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും.
പരിജ്ഞാനമില്ലായ്കയാല്‍ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാന്‍ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും.
അവര്‍ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാന്‍ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും.
അവര്‍ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു.
ആകയാല്‍ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാന്‍ അവരുടെ നടപ്പു അവരോടു സന്ദര്‍ശിച്ചു അവരുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവര്‍ക്കും പകരം കൊടുക്കും.
അവര്‍ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവര്‍ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവര്‍ വിട്ടുകളഞ്ഞുവല്ലോ.
പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
എന്റെ ജനം തങ്ങളുടെ മരത്തോടു അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവര്‍ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.
അവര്‍ പര്‍വ്വതശിഖരങ്ങളില്‍ ബലി കഴിക്കുന്നു; കുന്നുകളില്‍ അവര്‍ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിക്കുന്നു.
നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിച്ചുനടക്കുന്നതും ഞാന്‍ സന്ദര്‍ശിക്കയില്ല; അവര്‍ തന്നേ വേശ്യാസ്ത്രീകളോടു കൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
യിസ്രായേലേ, നി പരസംഗം ചെയ്താലും യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങള്‍ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്--ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു.
യിസ്രായേല്‍ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാല്‍ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.
മദ്യപാനം കഴിയുമ്പോള്‍ അവര്‍ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാര്‍ ലജ്ജയില്‍ അത്യന്തം ഇഷ്ടപ്പെടുന്നു.
കാറ്റു അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവര്‍ തങ്ങളുടെ ബലികള്‍ഹേതുവായി ലജ്ജിച്ചുപോകും.

5

പുരോഹിതന്മാരേ, കേള്‍പ്പിന്‍ ; യിസ്രായേല്‍ഗൃഹമേ, ചെവിക്കൊള്‍വിന്‍ ; രാജഗൃഹമേ, ചെവിതരുവിന്‍ ; നിങ്ങള്‍ മിസ്പെക്കു ഒരു കണിയും താബോരിന്മേല്‍ വിരിച്ച വലയും ആയിത്തീര്‍ന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങള്‍ക്കു വരുന്നു.
മത്സരികള്‍ വഷളത്വത്തില്‍ ആണ്ടുപോയിരിക്കുന്നു; ഞാനോ അവര്‍ക്കും ഏവര്‍ക്കും ഒരു ശാസകന്‍ ആകുന്നു.
ഞാന്‍ എഫ്രായീമിനെ അറിയുന്നു; യിസ്രായേല്‍ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോള്‍ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേല്‍ മലിനമായിരിക്കുന്നു.
അവര്‍ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന്നു അവരുടെ പ്രവൃത്തികള്‍ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളില്‍ ഉണ്ടു; അവര്‍ യഹോവയെ അറിയുന്നതുമില്ല.
യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താല്‍ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.
യഹോവയെ അന്വേഷിക്കേണ്ടതിന്നു അവര്‍ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവര്‍ അവനെ കണ്ടെത്തുകയില്ല; അവന്‍ അവരെ വിട്ടുമാറിയിരിക്കുന്നു.
അവര്‍ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവര്‍ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഒരു അമാവാസ്യ അവരെ അവരുടെ ഔഹരികളോടുകൂടെ തിന്നുകളയും.
ഗിബെയയില്‍ കാഹളവും രാമയില്‍ തൂര്‍യ്യവും ഊതുവിന്‍ ; ബേത്ത്--ആവെനില്‍ പോര്‍വിളി കൂട്ടുവിന്‍ ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
ശിക്ഷാദിവസത്തില്‍ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാന്‍ യിസ്രായേല്‍ ഗോത്രങ്ങളുടെ ഇടയില്‍ അറിയിച്ചിരിക്കുന്നു.
യെഹൂദാപ്രഭുക്കന്മാര്‍ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ എന്റെ ക്രോധം വെള്ളംപോലെ അവരുടെ മേല്‍ പകരും.
എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചു നടപ്പാന്‍ ഇഷ്ടം തോന്നിയതുകൊണ്ടു അവന്‍ പീഡിതനും വ്യവഹാരത്തില്‍ തോറ്റവനും ആയിരിക്കുന്നു.
അതുകൊണ്ടു ഞാന്‍ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും.
എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോള്‍ എഫ്രയീം അശ്ശൂരില്‍ചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കല്‍ ആളയച്ചു; എങ്കിലും നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.
ഞാന്‍ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാന്‍ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാന്‍ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
അവര്‍ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാന്‍ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയില്‍ അവര്‍ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

6

വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൌഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.
രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന്‍ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവന്‍ മഴപോലെ ഭൂമിയെ നനെക്കുന്നു പിന്‍ മഴപോലെ തന്നേ, നമ്മുടെ അടുക്കല്‍ വരും.
എഫ്രയീമേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര്‍ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാല്‍ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.
എന്നാല്‍ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
ഗിലയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെപട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര്‍ ശെഖേമിലേക്കുള്ള വഴിയില്‍ കുല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മ്മം ചെയ്യുന്നു.
യിസ്രായേല്‍ഗൃഹത്തില്‍ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേല്‍ മലിനമായുമിരിക്കുന്നു.
യെഹൂദയേ, ഞാന്‍ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.

7

ഞാന്‍ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോള്‍, എഫ്രയീമിന്റെ അകൃത്യവും ശമര്‍യ്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവര്‍ വ്യാജം പ്രവര്‍ത്തിക്കുന്നു; അകത്തു കള്ളന്‍ കടക്കുന്നു; പുറത്തു കവര്‍ച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
അവരുടെ ദുഷ്ടതയൊക്കെയും ഞാന്‍ ഔര്‍ക്കുംന്നു എന്നു അവര്‍ മനസ്സില്‍ വിചാരിക്കുന്നില്ല, ഇപ്പോള്‍ അവരുടെ സ്വന്തപ്രവര്‍ത്തികള്‍ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
അവര്‍ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷകുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
അവര്‍ എല്ലാവരും വ്യഭിചാരികള്‍ ആകുന്നു; അപ്പക്കാരന്‍ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതല്‍ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
നമ്മുടെ രാജാവിന്റെ ദിവസത്തില്‍ പ്രഭുക്കന്മാര്‍ക്കും വീഞ്ഞിന്റെ ഉഷ്ണത്താല്‍ ദീനം പിടിക്കുന്നു; അവന്‍ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.
അവര്‍ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരന്‍ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാര്‍ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയില്‍ എന്നോടു അപേക്ഷിക്കുന്നവന്‍ ആരുമില്ല.
എഫ്രയീം ജാതികളോടു ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
അന്യജാതികള്‍ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവന്‍ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവന്‍ അറിയുന്നില്ല.
യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കല്‍ മടങ്ങിവന്നിട്ടില്ല; ഇതില്‍ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.
അവര്‍ പോകുമ്പോള്‍ ഞാന്‍ എന്റെ വല അവരുടെ മേല്‍ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.
അവര്‍ എന്നെ വിട്ടു ഔടിപ്പോയതുകൊണ്ടു അവര്‍ക്കും അയ്യോ കഷ്ടം; അവര്‍ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവര്‍ക്കും നാശം; ഞാന്‍ അവരെ വീണ്ടെടുപ്പാന്‍ വിചാരിച്ചിട്ടും അവര്‍ എന്നോടു ഭോഷകു സംസാരിക്കുന്നു.
അവര്‍ ഹൃദയപൂര്‍വ്വം എന്നോടു നിലവിളിക്കാതെ കിടക്കയില്‍വെച്ചു മുറയിടുന്നു; അവര്‍ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവര്‍ എന്നോടു മത്സരിക്കുന്നു.
ഞാന്‍ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ചു ബലപ്പെടുത്തീട്ടും അവര്‍ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
അവര്‍ തിരിയുന്നു, മേലോട്ടു അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവര്‍ക്കും പരിഹാസഹേതുവായ്തീരും.

8

അവര്‍ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായില്‍ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേല്‍ ചാടിവീഴുക.
അവര്‍ എന്നോടുദൈവമേ, യിസ്രായേലാകുന്ന ഞങ്ങള്‍ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.
യിസ്രായേല്‍ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
അവര്‍ രാജാക്കന്മാരെ വാഴിച്ചു, ഞാന്‍ മുഖാന്തരം അല്ലതാനും; ഞാന്‍ അറിയാതെ പ്രഭുക്കന്മാരെ അവര്‍ നിയമിച്ചിരിക്കുന്നു; അവര്‍ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്‍ക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.
ശമര്‍യ്യയോ, നിന്റെ പശുക്കിടാവിനെ അവന്‍ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവര്‍ക്കും കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?
ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്‍യ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.
അവര്‍ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നലകുകയുമില്ല; നല്കിയാലും അന്യജാതികള്‍ അതിനെ വിഴുങ്ങിക്കളയും.
യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയില്‍ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
അവര്‍ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
അവര്‍ ജാതികളുടെ ഇടയില്‍നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന്‍ കീഴില്‍ വേഗത്തില്‍ വേദനപ്പെടും.
എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങള്‍ അവന്നു പാപഹേതുവായി തീര്‍ന്നിരിക്കുന്നു.
ഞാന്‍ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്‍വ്വകാര്യമായി എണ്ണപ്പെടുന്നു.
അവര്‍ എന്റെ അര്‍പ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാല്‍ യഹോവ അവയില്‍ പ്രസാദിക്കുന്നില്ല; ഇപ്പോള്‍ അവന്‍ അവരുടെ അകൃത്യം ഔര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും; അവര്‍ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.
യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; എന്നാല്‍ ഞാന്‍ അവന്റെ പട്ടണങ്ങളില്‍ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.

9

യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളില്‍ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാല്‍ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു.
കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവിഞ്ഞു അതില്‍ ഇല്ലാതെയാകും.
അവര്‍ യഹോവയുടെ ദേശത്തു പാര്‍ക്കുംകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരില്‍വെച്ചു മലിനമായതു തിന്നുകയും ചെയ്യും.
അവര്‍ യഹോവേക്കു വീഞ്ഞുപകര്‍ന്നു അര്‍പ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങള്‍ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവര്‍ക്കും വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാന്‍ മാത്രം അവര്‍ക്കും ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.
സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങള്‍ എന്തു ചെയ്യും?
അവര്‍ നാശത്തില്‍നിന്നു ഒഴിഞ്ഞുപോയാല്‍ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവേക്കു അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളില്‍ ഉണ്ടാകും.
സന്ദര്‍ശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന്‍ ഭോഷനും ആത്മപൂര്‍ണ്ണന്‍ ഭ്രാന്തനും എന്നു യിസ്രായേല്‍ അറിയും.
എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തില്‍ പകയം നേരിടും.
ഗിബെയയുടെ കാലത്തു എന്നപോലെ അവര്‍ വഷളത്വത്തില്‍ മുഴുകിയിരിക്കുന്നു; അവന്‍ അവരുടെ അകൃത്യം ഔര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും.
മരുഭൂമിയില്‍ മുന്തിരിപ്പഴംപോലെ ഞാന്‍ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാല്‍-പെയോരില്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ളേച്ഛതയുള്ളവരായ്തീര്‍ന്നു.
എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗര്‍ഭമോ ഗര്‍ഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ടു മാറിപ്പോകുമ്പോള്‍ അവര്‍ക്കും അയ്യോ കഷ്ടം!
ഞാന്‍ എഫ്രയീമിനെ സോര്‍വരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കല്‍ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.
യഹോവേ, അവര്‍ക്കും കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗര്‍ഭവും വരണ്ട മുലയും അവര്‍ക്കും കൊടുക്കേണമേ.
അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലില്‍ സംഭവിച്ചു; അവിടെവെച്ചു അവര്‍ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാന്‍ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തില്‍നിന്നു അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.
എഫ്രയീമിന്നു പുഴുകൂത്തു പിടിച്ചു; അവരുടെ വേര്‍ ഉണങ്ങിപ്പോയി; അവര്‍ ഫലം കായിക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍ അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും.
അവര്‍ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവന്‍ അവരെ തള്ളിക്കളയും; അവര്‍ ജാതികളുടെ ഇടയില്‍ ഉഴന്നു നടക്കേണ്ടിവരും.

10

യിസ്രായേല്‍ പടര്‍ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന്‍ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവന്‍ ബലിപീഠങ്ങളെ വര്‍ദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവന്‍ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള്‍ അവര്‍ കുറ്റക്കാരായ്തീരും; അവന്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
ഇപ്പോള്‍ അവന്‍ നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
അവര്‍ വ്യര്‍ത്ഥവാക്കുകള്‍ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതില്‍ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളില്‍ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
ശമര്‍യ്യാ നിവാസികള്‍ ബേത്ത്-ആവെനിലെ കാളകൂട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികള്‍ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.
അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേല്‍ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
ശമര്‍യ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള്‍ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേല്‍ മുളെക്കും; അവര്‍ മലകളോടുഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും പറയും.
യിസ്രായേലേ, ഗിബെയയുടെ കാലംമുതല്‍ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നേ നിലക്കുന്നു; ഗിബെയയില്‍ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരെ കൂടിവരും.
എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാന്‍ അതിന്റെ ഭംഗിയുള്ള കഴുത്തില്‍ നുകം വേക്കും; ഞാന്‍ എഫ്രയീമിനെ നുകത്തില്‍ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
നീതിയില്‍ വിതെപ്പിന്‍ ; ദയെക്കൊത്തവണ്ണം കൊയ്യുവിന്‍ ; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍ ; യഹോവ വന്നു നിങ്ങളുടെ മേല നീതി വര്‍ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
നിങ്ങള്‍ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.
അങ്ങനെ തന്നേ അവര്‍ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലില്‍വെച്ചു നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചെക്കു യിസ്രായേല്‍രാജാവു അശേഷം നശിച്ചുപോകും.

11

യിസ്രായേല്‍ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവനെ സ്നേഹിച്ചു; മിസ്രയീമില്‍ നിന്നു ഞാന്‍ എന്റെ മകനെ വിളിച്ചു.
അവരെ വിളിക്കുന്തോറും അവര്‍ വിട്ടകന്നുപോയി; ബാല്‍ബിംബങ്ങള്‍ക്കു അവര്‍ ബലികഴിച്ചു, വിഗ്രഹങ്ങള്‍ക്കു ധൂപം കാട്ടി.
ഞാന്‍ എഫ്രയീമിനെ നടപ്പാന്‍ ശീലിപ്പിച്ചു; ഞാന്‍ അവരെ എന്റെ ഭുജങ്ങളില്‍ എടുത്തു; എങ്കിലും ഞാന്‍ അവരെ സൌഖ്യമാക്കി എന്നു അവര്‍ അറിഞ്ഞില്ല.
മനുഷ്യപാശങ്ങള്‍കൊണ്ടു, സ്നേഹബന്ധനങ്ങള്‍കൊണ്ടു തന്നേ, ഞാന്‍ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാന്‍ അവര്‍ക്കും ആയിരുന്നു; ഞാന്‍ അവര്‍ക്കും തീന്‍ ഇട്ടുകൊടുത്തു.
അവന്‍ മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാല്‍ മടങ്ങിവരുവാന്‍ അവര്‍ക്കും മനസ്സില്ലായ്കകൊണ്ടു അശ്ശൂര്‍യ്യന്‍ അവന്റെ രാജാവാകും.
അവരുടെ ആലോചന നിമിത്തം വാള്‍ അവന്റെ പട്ടണങ്ങളിന്മേല്‍ വീണു അവന്റെ ഔടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.
എന്റെ ജനം എന്നെ വിട്ടു പിന്തിരിവാന്‍ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിര്‍ന്നുനിലക്കുന്നില്ല.
എഫ്രയീമേ, ഞാന്‍ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന്‍ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന്‍ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന്‍ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്‍ക്കും? എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.
എന്റെ ഉഗ്രകോപം ഞാന്‍ നടത്തുകയില്ല; ഞാന്‍ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാന്‍ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവില്‍ പരിശുദ്ധന്‍ തന്നേ; ഞാന്‍ ക്രോധത്തോടെ വരികയുമില്ല.
സിംഹംപോലെ ഗര്‍ജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവര്‍ നടക്കും; അവന്‍ ഗര്‍ജ്ജിക്കുമ്പോള്‍ പടിഞ്ഞാറുനിന്നു മക്കള്‍ വിറെച്ചുംകൊണ്ടു വരും.
അവര്‍ മിസ്രയീമില്‍നിന്നു ഒരു പക്ഷിയെപ്പോലെയും അശ്ശൂര്‍ദേശത്തുനിന്നു ഒരു പ്രാവിനെപ്പോലെയും വിറെച്ചുംകൊണ്ടു വരും; ഞാന്‍ അവരെ അവരുടെ വീടുകളില്‍ പാര്‍പ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
എഫ്രയീം കപടംകൊണ്ടും യിസ്രായേല്‍ഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.

12

എഫ്രയീം കാറ്റില്‍ ഇഷ്ടപ്പെട്ടു കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവന്‍ ഇടവിടാതെ ഭോഷകും ശൂന്യവും വര്‍ദ്ധിപ്പിക്കുന്നു; അവര്‍ അശ്ശൂര്‍യ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.
യഹോവേക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവന്‍ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദര്‍ശിക്കും; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
അവന്‍ ഗര്‍ഭത്തില്‍വെച്ചു തന്റെ സഹോദരന്റെ കുതികാല്‍ പിടിച്ചു; തന്റെ പുരുഷപ്രായത്തില്‍ ദൈവത്തോടു പൊരുതി.
അവന്‍ ദൂതനോടു പൊരുതി ജയിച്ചു; അവന്‍ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവന്‍ ബേഥേലില്‍വെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവന്‍ നമ്മോടു സംസാരിച്ചു.
യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തു കൊണ്ടിരിക്ക.
അവന്‍ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യില്‍ ഉണ്ടു; പീഡിപ്പിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ എഫ്രയീംഞാന്‍ സമ്പന്നനായ്തീര്‍ന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നില്‍ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
ഞാനോ മിസ്രയീംദേശംമുതല്‍ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാന്‍ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളില്‍ വസിക്കുമാറാക്കും.
ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ചു ദര്‍ശനങ്ങളെ വര്‍ദ്ധിപ്പിച്ചു; പ്രവാചകന്മാര്‍ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
ഗിലെയാദ്യര്‍ നീതികെട്ടവര്‍ എങ്കില്‍ അവര്‍ വ്യര്‍ത്ഥരായ്തീരും; അവര്‍ ഗില്ഗാലില്‍ കാളകളെ ബലികഴിക്കുന്നു എങ്കില്‍, അവരുടെ ബിലപീഠങ്ങള്‍ വയലിലെ ഉഴച്ചാലുകളില്‍ ഉള്ള കല്‍കൂമ്പാരങ്ങള്‍പോലെ ആകും.
യാക്കോബ് അരാം ദേശത്തിലേക്കു ഔടിപ്പോയി; യിസ്രായേല്‍ ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.
യഹോവ ഒരു പ്രവാചകന്‍ മുഖാന്തരം യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാല്‍ അവന്‍ പാലിക്കപ്പെട്ടു.
എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാല്‍ അവന്റെ കര്‍ത്താവു അവന്റെ രക്തത്തെ അവന്റെമേല്‍ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും

13

എഫ്രയീം സംസാരിച്ചപ്പോള്‍ വിറയല്‍ ഉണ്ടായി; അവന്‍ യിസ്രായേലില്‍ മികെച്ചവനായിരുന്നു; എന്നാല്‍ ബാല്‍മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന്‍ മരിച്ചുപോയി.
ഇപ്പോഴോ, അവര്‍ അധികമധികം പാപം ചെയ്യുന്നു; അവര്‍ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവര്‍ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യര്‍ കാളക്കിടാക്കളെ ചുംബിക്കുന്നു.
അതുകൊണ്ടു അവര്‍ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തില്‍നിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും പുകകൂഴലില്‍നിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
ഞാനോ മിസ്രയീംദേശംമുതല്‍ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാന്‍ മരുഭൂമിയില്‍ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു.
ആകയാല്‍ ഞാന്‍ അവര്‍ക്കും ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന്‍ അവര്‍ക്കായി പതിയിരിക്കും;
കുട്ടികള്‍ പൊയ്പോയ കരടിയെപ്പോലെ ഞാന്‍ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവെച്ചു ഞാന്‍ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോള്‍ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാര്‍ എവിടെ?
എന്റെ കോപത്തില്‍ ഞാന്‍ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തില്‍ ഞാന്‍ അവനെ നീക്കിക്കളഞ്ഞു.
എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവന്‍ ബുദ്ധിയില്ലാത്ത മകന്‍ ; സമയമാകുമ്പോള്‍ അവന്‍ ഗര്‍ഭദ്വാരത്തിങ്കല്‍ എത്തുന്നില്ല.
ഞാന്‍ അവരെ പാതാളത്തിന്റെ അധീനത്തില്‍നിന്നു വീണ്ടെടുക്കും; മരണത്തില്‍നിന്നു ഞാന്‍ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകള്‍ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
അവന്‍ തന്റെ സഹോദരന്മാരുടെ ഇടയില്‍ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയില്‍നിന്നു വരും; അവന്‍ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നുകൊണ്ടുപോകും.
ശമര്‍യ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവള്‍ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവര്‍ വാള്‍കൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവര്‍ തകര്‍ത്തുകളയും; അവരുടെ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നുകളയും.

14

യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.
നിങ്ങള്‍ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവനോടുസകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ അധരാര്‍പ്പണമായ കാളകളെ അര്‍പ്പിക്കും;
അശ്ശൂര്‍ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഔടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടുഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയില്‍ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിന്‍ .
ഞാന്‍ അവരുടെ പിന്‍ മാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാല്‍ ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും.
ഞാന്‍ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവന്‍ താമരപോലെ പൂത്തു ലെബാനോന്‍ വനം പോലെ വേരൂന്നും.
അവന്റെ കൊമ്പുകള്‍ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്‍ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
അവന്റെ നിഴലില്‍ പാര്‍ക്കുംന്നവര്‍ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിര്‍ക്കയും ചെയ്യും; അതിന്റെ കീര്‍ത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.
എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങള്‍ക്കും തമ്മില്‍ എന്തു? ഞാന്‍ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാന്‍ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കല്‍ നിനക്കു ഫലം കണ്ടുകിട്ടും.
ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനി ആര്‍? ഇതു അറിവാന്‍ തക്ക വിവേകി ആര്‍? യഹോവയുടെ വഴികള്‍ ചൊവ്വുള്ളവയല്ലോ; നീതിമാന്മാര്‍ അവയില്‍ നടക്കും; അതിക്രമക്കാരോ അവയില്‍ ഇടറിവീഴും.

Lizenz
CC-0
Link zur Lizenz

Zitationsvorschlag für diese Edition
TextGrid Repository (2025). Christos Christodoulopoulos. Hosea (Malayalam). Multilingual Parallel Bible Corpus. https://hdl.handle.net/21.11113/0000-0016-A67C-2