1
ശലോമോന്റെ ഉത്തമഗീതം.
അവന്‍ തന്റെ അധരങ്ങളാല്‍ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൌരഭ്യമായതു; നിന്റെ നാമം പകര്‍ന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാര്‍ നിന്നെ സ്നേഹിക്കുന്നു.
നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഔടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാള്‍ ശ്ളാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.
യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള്‍ ആകുന്നു.
എനിക്കു ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയില്‍കൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാര്‍ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാന്‍ കാത്തിട്ടില്ലതാനും.
എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരികനീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ ഞാന്‍ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു?
സ്ത്രീകളില്‍ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കില്‍ ആടുകളുടെ കാല്‍ചുവടു തുടര്‍ന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.
എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന പെണ്‍കുതിരയോടു ഞാന്‍ നിന്നെ ഉപമിക്കുന്നു.
നിന്റെ കവിള്‍ത്തടങ്ങള്‍ രത്നാവലികൊണ്ടും നിന്റെ കഴുത്തു മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
ഞങ്ങള്‍ നിനക്കു വെള്ളിമണികളോടുകൂടിയ സുവര്‍ണ്ണസരപ്പളി ഉണ്ടാക്കിത്തരാം.
രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോള്‍ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
എന്റെ പ്രിയന്‍ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിന്‍ കെട്ടുപോലെയാകുന്നു.
എന്റെ പ്രിയന്‍ എനിക്കു ഏന്‍ ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂകൂലപോലെ ഇരിക്കുന്നു.
എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
എന്റെ പ്രിയനേ, നീ സുന്ദരന്‍ , നീ മനോഹരന്‍ ; നമ്മുടെ കിടക്കയും പച്ചയാകുന്നു.
നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോല്‍ സരളവൃക്ഷവും ആകുന്നു.
2
ഞാന്‍ ശാരോനിലെ പനിനീര്‍പുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
മുള്ളുകളുടെ ഇടയില്‍ താമരപോലെ കന്യകമാരുടെ ഇടയില്‍ എന്റെ പ്രിയ ഇരിക്കുന്നു.
കാട്ടുമരങ്ങളുടെ ഇടയില്‍ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയില്‍ എന്റെ പ്രിയന്‍ ഇരിക്കുന്നു; അതിന്റെ നിഴലില്‍ ഞാന്‍ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
അവന്‍ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവന്‍ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
ഞാന്‍ പ്രേമപരവശയായിരിക്കയാല്‍ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിന്‍ ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിന്‍ .
അവന്റെ ഇടങ്കൈ എന്റെ തലയിന്‍ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ.
യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണര്‍ത്തുകയുമരുതു.
അതാ, എന്റെ പ്രിയന്റെ സ്വരം! അവന്‍ മലകളിന്മേല്‍ ചാടിയും കുന്നുകളിന്മേല്‍ കുതിച്ചുംകൊണ്ടു വരുന്നു.
എന്റെ പ്രിയന്‍ ചെറുമാനിന്നും കലകൂട്ടിക്കും തുല്യന്‍ ; ഇതാ, അവന്‍ നമ്മുടെ മതിലക്കു പുറമേ നിലക്കുന്നു; അവന്‍ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയില്‍കൂടി ഉളിഞ്ഞുനോക്കുന്നു.
എന്റെ പ്രിയന്‍ എന്നോടു പറഞ്ഞതുഎന്റെ പ്രിയേ, എഴുന്നേല്‍ക്ക; എന്റെ സുന്ദരീ, വരിക.
ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
പുഷ്പങ്ങള്‍ ഭൂമിയില്‍ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടില്‍ കേള്‍ക്കുന്നു.
അത്തിക്കായ്കള്‍ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്‍ക്ക; എന്റെ സുന്ദരീ, വരിക.
പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാന്‍ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു.
ഞങ്ങളുടെ മുന്തിരത്തോട്ടങ്ങള്‍ പൂത്തിരിക്കയാല്‍ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിന്‍ .
എന്റെ പ്രിയന്‍ എനിക്കുള്ളവന്‍ ; ഞാന്‍ അവന്നുള്ളവള്‍; അവന്‍ താമരകളുടെ ഇടയില്‍ ആടുമേയക്കുന്നു.
വെയിലാറി, നിഴല്‍ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുര്‍ഘടപര്‍വ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായിരിക്ക.
3
രാത്രിസമയത്തു എന്റെ കിടക്കയില്‍ ഞാന്‍ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാന്‍ പറഞ്ഞു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
നഗരത്തില്‍ സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു.
അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോള്‍ ഞാന്‍ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാന്‍ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണര്‍ത്തുകയുമരുതു.
മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂര്‍ണ്ണങ്ങള്‍കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂണ്‍പോലെ മരുഭൂമിയില്‍നിന്നു കയറിവരുന്നോരിവന്‍ ആര്‍?
ശലോമോന്റെ പല്ലകൂ തന്നേ; യിസ്രായേല്‍ വീരന്മാരില്‍ അറുപതു വീരന്മാര്‍ അതിന്റെ ചുറ്റും ഉണ്ടു.
അവരെല്ലാവരും വാളെടുത്ത യുദ്ധസമര്‍ത്ഥന്മാര്‍; രാത്രിയിലെ ഭയം നിമിത്തം ഔരോരുത്തന്‍ അരെക്കു വാള്‍ കെട്ടിയിരിക്കുന്നു.
ശലോമോന്‍ രാജാവു ലെബാനോനിലെ മരം കൊണ്ടു തനിക്കു ഒരു പല്ലകൂ ഉണ്ടാക്കി.
അതിന്റെ മേക്കട്ടിക്കാല്‍ അവന്‍ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തര്‍ഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.
സീയോന്‍ പുത്രിമാരേ, നിങ്ങള്‍ പുറപ്പെട്ടു ചെന്നു ശലോമോന്‍ രാജാവിനെ അവന്റെ കല്യാണ ദിവസത്തില്‍, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തില്‍ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിന്‍.
4
എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിന്‍ നടുവെ നിന്റെ കണ്ണു പ്രാവിന്‍ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടം പോലെയാകുന്നു.
നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.
നിന്റെ അധരം കടുംചുവപ്പുനൂല്‍പോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികള്‍ നിന്റെ മൂടുപടത്തിന്‍ ഉള്ളില്‍ മാതളപ്പഴത്തിന്‍ ഖണ്ഡംപോലെ ഇരിക്കുന്നു.
നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിന്‍ ഗോപുരത്തോടു ഒക്കും; അതില്‍ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.
നിന്റെ സ്തനം രണ്ടും താമരെക്കിടയില്‍ മേയുന്ന ഇരട്ട പിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.
വെയലാറി നിഴല്‍ കാണാതെയാകുവോളം ഞാന്‍ മൂറിന്‍ മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.
എന്റെ പ്രിയേ, നീ സര്‍വ്വാംഗസുന്ദരി; നിന്നില്‍ യാതൊരു ഊനവും ഇല്ല.
കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീര്‍ ഹെര്‍മ്മോന്‍ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്‍വ്വതങ്ങളും വിട്ടുപോരിക.
എന്റെ സഹോദരി എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.
എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാള്‍ നിന്റെ പ്രേമവും സകലവിധ സുഗന്ധവര്‍ഗ്ഗത്തെക്കാള്‍ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
അല്ലയോ കാന്തേ, നിന്റെ അധരം തേന്‍ കട്ട പൊഴിക്കുന്നു; നിന്റെ നാവിന്‍ കീഴില്‍ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.
നിന്റെ ചിനെപ്പുകള്‍ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,
ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാന സുഗന്ധവര്‍ഗ്ഗവും തന്നേ.
നീ തോട്ടങ്ങള്‍ക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനില്‍നിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ.
വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തില്‍നിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേല്‍ ഊതുക; എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ വന്നു അതിനെ വിശിഷ്ടഫലം ഭുജിക്കട്ടെ.
5
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാന്‍ എന്റെ തോട്ടത്തില്‍ വന്നിരിക്കുന്നു; ഞാന്‍ എന്റെ മൂറും സുഗന്ധവര്‍ഗ്ഗവും പെറുക്കി; ഞാന്‍ എന്റെ തേന്‍ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിന്‍ ; പ്രിയരേ, കുടിച്ചു മത്തരാകുവിന്‍ !
ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരംഎന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയില്‍ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
എന്റെ അങ്കി ഞാന്‍ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാന്‍ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?
എന്റെ പ്രിയന്‍ ദ്വാരത്തില്‍ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാന്‍ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരല്‍ മൂറിന്‍ തൈലവും തഴുതുപിടികളിന്മേല്‍ പൊഴിച്ചു.
ഞാന്‍ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ വിവശയായിരുന്നു; ഞാന്‍ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാന്‍ അവനെ വിളിച്ചു; അവന്‍ ഉത്തരം പറഞ്ഞില്ല.
നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; അവര്‍ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതില്‍കാവല്‍ക്കാര്‍ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
യെരൂശലേംപുത്രിമാരേ, നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.
സ്ത്രീകളില്‍ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളു.
എന്റെ പ്രിയന്‍ വെണ്മയും ചുവപ്പും ഉള്ളവന്‍ , പതിനായിരംപേരില്‍ അതിശ്രേഷ്ഠന്‍ തന്നേ.
അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകള്‍ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
അവന്റെ കണ്ണു നീര്‍ത്തോടുകളുടെ അരികത്തുള്ള പ്രാവുകള്‍ക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേര്‍ച്ചയായി പതിച്ചതും ആകും.
അവന്റെ കവിള്‍ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന്‍ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
അവന്റെ കൈകള്‍ ഗോമേദകം പതിച്ചിരിക്കുന്ന സ്വര്‍ണ്ണനാളങ്ങള്‍; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിര്‍മ്മിതം.
അവന്റെ തുട തങ്കച്ചുവട്ടില്‍ നിര്‍ത്തിയ വെണ്‍കല്‍ത്തൂണ്‍; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉല്‍കൃഷ്ടമാകുന്നു.
അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്‍ ; ഇവനത്രേ എന്റെ സ്നേഹിതന്‍.
6
സ്ത്രീകളില്‍ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്‍ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയന്‍ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങള്‍ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.
തോട്ടങ്ങളില്‍ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.
ഞാന്‍ എന്റെ പ്രിയന്നുള്ളവള്‍; എന്റെ പ്രിയന്‍ എനിക്കുള്ളവന്‍ ; അവന്‍ താമരകളുടെ ഇടയില്‍ മേയക്കുന്നു.
എന്റെ പ്രിയേ, നീ തിര്‍സ്സാപോലെ സൌന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര.
നിന്റെ കണ്ണു എങ്കല്‍നിന്നു തിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടംപോലെയാകുന്നു.
നിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
നിന്റെ ചെന്നികള്‍ നിന്റെ മൂടുപടത്തിന്റെ ഉള്ളില്‍ മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവള്‍ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവള്‍ക്കു ഔമനയും ആകുന്നു; കന്യകമാര്‍ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിര്‍മ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആര്‍?
ഞാന്‍ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിര്‍ക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത് തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.
എന്റെ അഭിലാഷം ഹേതുവായി ഞാന്‍ അറിയാതെ എന്റെ പ്രഭുജനത്തിന്‍ രഥങ്ങളുടെ ഇടയില്‍ എത്തി.
7
മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങള്‍ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങള്‍ മഹനീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്മാന്‍ ആഗ്രഹിക്കുന്നതു എന്തിന്നു?
പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല്‍ എത്ര മനോഹരം! നിന്റെ ഉരുണ്ടു നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതില്‍, കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.
നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.
നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനില്‍ ബാത്ത് റബ്ബീം വാതില്‍ക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂകൂ ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോന്‍ ഗോപുരംപോലെയും ഇരിക്കുന്നു.
നിന്റെ ശിരസ്സു കര്‍മ്മേല്‍പോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാല്‍ ബദ്ധനായിരിക്കുന്നു.
പ്രിയേ, പ്രേമഭോഗങ്ങളില്‍ നീ എത്ര സുന്ദരി, എത്ര മനോഹര!
നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലയോടും ഒക്കുന്നു!
ഞാന്‍ പനമേല്‍ കയറും; അതിന്റെ മടല്‍ പിടിക്കും എന്നു ഞാന്‍ പറഞ്ഞു. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.
അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
ഞാന്‍ എന്റെ പ്രിയന്നുള്ളവള്‍; അവന്റെ ആഗ്രഹം എന്നോടാകുന്നു.
പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം.
അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാന്‍ നിനക്കു എന്റെ പ്രേമം തരും.
ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്‍ക്കല്‍ സകലവിധവിശിഷ്ട ഫലവും ഉണ്ടു; എന്റെ പ്രിയാ, ഞാന്‍ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.
8
നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരന്‍ ആയിരുന്നുവെങ്കില്‍! ഞാന്‍ നിന്നെ വെളിയില്‍ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.
നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാന്‍ നിന്നെ അമ്മയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവര്‍ഗ്ഗം ചേര്‍ത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.
അവന്റെ ഇടങ്കൈ എന്റെ തലയിന്‍ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ.
യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണര്‍ത്തുകയുമരുതു എന്നു ഞാന്‍ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
മരുഭൂമിയില്‍നിന്നു തന്റെ പ്രിയന്റെ മേല്‍ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്‍? നാരകത്തിന്‍ ചുവട്ടില്‍വെച്ചു ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവള്‍ക്കു ഈറ്റുനോവു കിട്ടിയതു.
എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.
ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുപ്പാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന്‍ തന്റെ ഗൃഹത്തിലുള്ള സര്‍വ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
നമുക്കു ഒരു ചെറിയ പെങ്ങള്‍ ഉണ്ടു; അവള്‍ക്കു സ്തനങ്ങള്‍ വന്നിട്ടില്ല; നമ്മുടെ പെങ്ങള്‍ക്കു കല്യാണം പറയുന്നനാളില്‍ നാം അവള്‍ക്കു വേണ്ടി എന്തു ചെയ്യും?
അവള്‍ ഒരു മതില്‍ എങ്കില്‍ അതിന്മേല്‍ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതില്‍ എങ്കില്‍ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.
ഞാന്‍ മതിലും എന്റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍ പോലെയും ആയിരുന്നു; അന്നു ഞാന്‍ അവന്റെ ദൃഷ്ടിയില്‍ സമാധാനം പ്രാപിച്ചിരുന്നു.
ശലോമോന്നു ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവന്‍ കാവല്‍ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഔരോരുത്തന്‍ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവര്‍ക്കും ഇരുനൂറും ഇരിക്കട്ടെ.
ഉദ്യാനനിവാസിനിയേ, സഖിമാര്‍ നിന്റെ സ്വരം ശ്രദ്ധിച്ചു കേള്‍ക്കുന്നു; അതു എന്നെയും കേള്‍പ്പിക്കേണമേ.
എന്റെ പ്രിയാ നീ പരിമളപര്‍വ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായി ഔടിപ്പോക.
- Lizenz
-
CC-0
Link zur Lizenz
- Zitationsvorschlag für diese Edition
- TextGrid Repository (2025). Christos Christodoulopoulos. Song of Solomon (Malayalam). Multilingual Parallel Bible Corpus. https://hdl.handle.net/21.11113/0000-0016-A647-D